ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തി; ബാക്കി 16 ഇന്ത്യക്കാരും സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം

Thursday 18 April 2024 5:40 PM IST

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ്സ ജോസഫ് (24) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ടെഹ്‌റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും ശ്രമഫലമായാണ് യുവതിയെ നാട്ടിലെത്തിക്കാനായതെന്ന് വിദേശകാര്യ മന്ത്രാലയം സമൂഹമാദ്ധ്യമത്തിൽ വ്യക്തമാക്കി.

ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും കപ്പലിലുള്ള മറ്റ് പതിനാറ് ഇന്ത്യക്കാരും സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. എല്ലാവരും കുടുംബാംഗങ്ങളുമായും സംസാരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ഇറാൻ- ഇസ്രയേൽ യുദ്ധം ഏതുസമയത്തും തുടങ്ങാമെന്ന ആശങ്ക ശക്തമായിരിക്കെയാണ് ശനിയാഴ്ച രാവിലെ യുഎഇയിൽ നിന്ന് മുംബയിലേക്ക് വരികയായിരുന്ന എം.എസ്.സി ഏരീസ് എന്ന കണ്ടയ്നർ കപ്പൽ ഹോർമൂസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്തത്.

ആൻ ടെസ്സ തിരിച്ചെത്തിയതിന് പിന്നാലെ ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യത്തെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറും അഭിനന്ദിച്ചു. ആൻ ടെസ്സ വീട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷിക്കുന്നു. സ്വദേശത്തായാലും വിദേശത്തായാലും മോദിയുടെ ഗ്യാരണ്ടി എപ്പോഴുമുണ്ടാവുമെന്നും ജയ്‌ശങ്കർ എക്‌സിൽ കുറിച്ചു.

തൃശൂർ സ്വദേശികളായ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകളാണ് ആൻ ടെസ്സ ജോസഫ്. ശനിയാഴ്ചയാണ് ആനിന്റെ കുടുംബം കോട്ടയം വാഴൂർ കാപ്പുകാട്ടുള്ള വീട്ടിലേക്ക് താമസം മാറിയത്. പുതിയ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പൽ പിടിച്ചെടുത്തെന്ന വിവരം മാതാപിതാക്കൾക്ക് ലഭിച്ചത്. അടുത്ത ദിവസം ആൻ വീട്ടിൽ എത്താനിരിക്കുകയായിരുന്നു. മകൾ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി അധികൃതർ അറിയിച്ചതായി ബിജു പറഞ്ഞു. ഒരുവർഷം മുൻപാണ് ആൻ മുംബയിലെ എം.എസ്.സി ഷിപ്പിംഗ് കമ്പനിയിൽ ജോലിക്ക് കയറിയത്. കഴിഞ്ഞ വെള്ളിയാഴ്ച ആനുമായി മാതാപിതാക്കൾ സംസാരിച്ചപ്പോൾ കപ്പൽ ഇന്ത്യയിലേക്കുള്ള മടക്ക യാത്രയിലാണെന്ന് പറഞ്ഞിരുന്നു.

Advertisement
Advertisement