വമ്പന്‍ കുതിപ്പുമായി തിരുവനന്തപുരം വിമാനത്താവളം, കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ

Thursday 18 April 2024 6:41 PM IST

തിരുവനന്തപുരം: വിമാന സര്‍വീസുകളുടേയും യാത്രക്കാരുടേയും എണ്ണത്തില്‍ വമ്പന്‍ കുതിപ്പുമായി റെക്കോഡ് നേട്ടം കുറിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ കണക്കുകളെ ബഹുദൂരം പിന്നിലാക്കിയാണ് നേട്ടം സ്വന്തമാക്കിയത്.

2023 - 2024 കാലയളവില്‍ തിരുവനന്തപുരം വിമാനത്താവളം വഴി 44 ലക്ഷം യാത്രക്കാര്‍ യാത്ര ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. 2022-2023-ലെ യാത്രക്കാരുടെ എണ്ണം 3.46 ദശലക്ഷമായിരുന്നു.

യാത്രക്കാരില്‍ 2.42 ദശലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരാണ്. 1.98 ദശലക്ഷം പേര്‍ അന്താരാഷ്ട്ര യാത്രക്കാരുമാണ്. അന്താരാഷ്ട്ര രാജ്യങ്ങളിലെ യാത്രക്കാരില്‍ ഏറ്റവുമധികം പേര്‍ യാത്രചെയ്തത് ഷാര്‍ജയിലേക്കായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തില്‍ ബെംഗളൂരുവിലേക്കാണ് കൂടുതല്‍ പേര്‍ വിമാനത്താവളം വഴി സഞ്ചരിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം വന്നുപോയ വിമാനങ്ങളുടെ സര്‍വീസുകളിലും വന്‍ വര്‍ധനവുണ്ടായി. 29,778 എയര്‍ ട്രാഫിക് മൂവ്മെന്റുകളുണ്ടായെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. മുന്‍വര്‍ഷത്തില്‍ ഇത് 24,213 ആയിരുന്നു. 23 ശതമാനം വര്‍ദ്ധനവാണ് എയര്‍ ട്രാഫിക് മൂവ്‌മെന്റില്‍ രേഖപ്പെടുത്തിയത്.

പുതിയ ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ വികസന പദ്ധതികള്‍ തിരുവനന്തപുരത്ത് നടപ്പിലാക്കുന്നതിന്റെ നടപടികളുമായി മുന്നോട്ട് പോകുകയാണ് വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ്. ഭാവിയില്‍ യാത്രക്കാരുടെ എണ്ണവും സര്‍വീസുകളുടെ എണ്ണവും വര്‍ദ്ധിക്കുമെന്നത് കൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.