കാസർ‌കോട്ടെ മോക്‌പോളിൽ ബി ജെ പിക്ക് അധിക വോട്ട് കിട്ടിയോ, സംഭവിച്ചത് എന്ത്, വിശദമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

Thursday 18 April 2024 6:45 PM IST

തിരുവനന്തപുരം : കാസര്‍കോട് മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ കമ്മിഷനിംഗിന്റെ ഭാഗമായി നടത്തിയ മോക്‌പോളില്‍ ഒരു സ്ഥാനാർത്ഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇതുസംബന്ധിച്ച് കാസര്‍കോട് ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. തിരഞ്ഞെടുപ്പിനായി ഇ.വി.എം സജ്ജമാക്കുന്ന പ്രക്രിയയാണ് കമ്മീഷനിംഗ്. അസി. റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍(ബെല്‍) നിന്നുള്ള എന്‍ജിനീയര്‍മാരാണ് ഇത് നിര്‍വഹിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിലാണ് കമ്മീഷനിംഗ് നടക്കുന്നത്. ഇത് പൂര്‍ണമായും വെബ്കാസ്റ്റ് ചെയ്യുന്നുണ്ടെന്നും സഞ്ജയ് കൗൾ അറിയിച്ചു.

മോക്‌പോളിനിടെ അധികമായി വിവിപാറ്റ് സ്ലിപ് പുറത്തുവന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. യന്ത്രങ്ങള്‍ സജ്ജമാക്കിയതിന് ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പ്രിന്റ് എടുക്കാതിരുന്ന വിവിപാറ്റ് സ്ലിപ്പാണ് പിന്നീട് നടന്ന മോക്ക് പോളിനിടെ പുറത്തുവന്നത്. ഈ സ്ലിപ്പില്‍ നോട് ടു ബി കൗണ്ടഡ് (കണക്കു കൂട്ടേണ്ടതില്ലാത്തത്) എന്ന് രേഖപ്പെടുത്തിയിരുന്നു. സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഡണ്‍, വിവിപാറ്റ് സീരിയല്‍ നമ്പര്‍ എന്നും രേഖപ്പെടുത്തിയിരുന്നു. മറ്റ് വിവിപാറ്റ് സ്ലിപ്പിനേക്കാളും നീളക്കൂടുതലുള്ള സ്ലിപ്പുമാണിത്. പ്രാഥമിക പരിശോധനക്കുള്ള സ്ലിപ്പാണ് മോക്‌പോളിനിടെ ലഭിച്ചത്. സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മുഴുവന്‍ വോട്ടെടുപ്പ് യന്ത്രങ്ങളും പൂര്‍ണമായും സുരക്ഷിതവും കുറ്റമറ്റതുമാണെന്നും യാതൊരു ആശങ്കയും വേണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

മോക് പോളിൽ ബി,​ജെ,​പിക്ക് അധിക വോട്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് എൽ,​ഡി,​എഫ്, യു,​ഡി,​എഫ് സ്ഥാനാർത്ഥികളുടെ ഏജന്റുമാർ പരാതി ഉന്നയിച്ചിരുന്നു. കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ എൽ,​ഡി,​എഫ് സ്ഥാനാർത്ഥി എം,​വി,​ ബാലകൃഷ്ണൻ, സിറ്റിംഗ് എം,​പിയും യു,​ഡി,​എഫ് സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കളക്ടർ കെ ഇൻബാശേഖറിനു പരാതി നൽകിയത്.,​മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിംഗ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരു സമയം പബ്ലിഷ് ചെയ്‌തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്‌ഷനുകളുണ്ട്. ഓരോ ഓപ്‌ഷനും ഓരോ തവണ അമർത്തി പരിശോധിച്ചപ്പോൾ നാല് മെഷീനുകളിൽ ബി,​ജെ,​പിക്ക് രണ്ട് വോട്ട് ലഭിച്ചതായി വ്യക്തമായി. ബി,​ജെ,​പിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെടുകയായിരുന്നു,​

വിഷയത്തിൽ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. വിവിപാറ്റുകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് കാസർകോട്ടെ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന് സുപ്രീം കോടതി നിർദേശവും നൽകി. വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട നടപടികളിൽ കൃത്രിമം നടക്കുന്നില്ല എന്ന് ഉറപ്പാക്കാനുള്ള പ്രക്രിയകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാനും അഭിഭാഷകനോട് കോടതി നിർദേശിച്ചിരുന്നു.

തുടർന്ന് മോക് പോളിൽ ബി.ജെ.പിക്ക് അധിക വോട്ട് ലഭിച്ച സംഭവം സാങ്കേതിക തകരാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. പ്രശ്‌നം ഉടൻ പരിഹരിച്ചതായും കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് നൽകിയതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇതിന്റെ വിശദമായ റിപ്പോർട്ട് ഉടൻ നൽകാമെന്നും കമ്മീഷൻ വ്യക്തമാക്കി