നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലേക്ക്,​ മോചനത്തിനായി ചർച്ച നടത്തും,​ ശനിയാഴ്ച യാത്ര തിരിക്കും

Thursday 18 April 2024 9:10 PM IST

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലേക്ക്. യെമനിലേക്ക് പോകാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് പ്രേമകുമാരി യെമനിലേക്ക് യാത്രതിരിക്കുന്നത്.

സേവ് നിമിഷപ്രിയ ഇന്റർ‌നാഷണൽ ആക്ഷൻ കൗൺസിൽ അംഗവും യെമനിലെ ബിസിനസുകാരനുമായ സാമുവൽ ജെറോമും പ്രേമകുമാരിയെ അനുഗമിക്കുന്നുണ്ട്. ശനിയാഴ്ച കൊച്ചിയിൽ നിന്ന് മുംബയ് വഴിയായിരിക്കും ഇവർ യാത്ര തിരിക്കുന്നത്. മുംബയിൽ നിന്ന് യെമനിലെ ഏഡൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെ നിന്ന് കരമാർഗം സനയിലേക്ക് പോകും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ സനയിലെ ജയിലിലെത്തി നിമിഷപ്രിയയെ കാണാനാണ് പദ്ധതി. കൊല്ലപ്പെട്ട യെമൻ പൗരൻ അബ്ദു മഹീദിന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്താനും സാദ്ധ്യതയുണ്ട്.

നിലവിൽ യെമനിലെ സർക്കാരുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ല. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് യെമനിലെ ചർച്ചകൾക്കുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. നേരത്തെ പ്രേമകുമാരിക്ക് പോകുന്നതിന് സർക്കാരിന് സഹായം ചെയ്യാൻ കഴിയില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സ്വന്തമായി പോകാമെന്ന് പ്രേമകുമാരി അറിയിച്ചത്. കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. നിമിഷപ്രിയയുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. യെമൻ പൗരൻ തലാൽ അബ്ജു മഹീദ് 2017ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവ് നൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ യെമൻ സുപ്രീംകോടതിയും തള്ളിയിരുന്നു.