മെഷീൻ ബി.ജെ.പിക്ക് അനുകൂലമെന്ന പരാതി, കാസർകോട്ട് വോട്ടിംഗ് ദിനം വീണ്ടും മോക്പോൾ വേണം : സുപ്രീംകോടതി
പ്രശ്നം കണ്ടാൽ മെഷീൻ മാറ്റണം
കാസർകോട്/ ന്യൂഡൽഹി: കാസർകോട് മണ്ഡലത്തിൽ ബുധനാഴ്ച നടത്തിയ മോക്പോളിൽ ചില മെഷീനുകളിൽ ചെയ്യാത്ത വോട്ടും ബി.ജെ.പിക്ക് വീണെന്ന പരാതിയിൽ സുപ്രീംകോടതി ഇടപെടൽ. തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടിംഗ് ദിവസമായ 26ന് രാവിലെ ആറിന് വീണ്ടും മോക്പോൾ നടത്തണം. വോട്ടിംഗ് യന്ത്രം പരിശോധിച്ച് അധിക വോട്ട് കണ്ടെത്തുന്നവ മാറ്റണം. എന്നിട്ടേ വേട്ടെടുപ്പ് തുടങ്ങാവൂ.
ബുധനാഴ്ച നാല് വോട്ടിംഗ് യന്ത്രങ്ങളിൽ ബി.ജെ.പിക്ക് അനുകൂലമായി വോട്ടുവീണെന്നാണ് പരാതിയുയർന്നത്. അതേസമയം, സംഭവം തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ കോടതിയിൽ നിഷേധിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണന്റെ ചീഫ് പോളിംഗ് ഏജന്റും യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ ചീഫ് പോളിംഗ് ഏജന്റും മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖരന് പരാതി നൽകുകയായിരുന്നു.
ഇന്നലെ ഇ.വി.എം -വിവിപാറ്റ് കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് കമ്മിഷന് വാക്കാൽ നിർദ്ദേശം നൽകിയത്. കേസിൽ ഹർജിക്കാർക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ കാസർകോട് വിഷയത്തിലെ ഓൺലൈൻ മാദ്ധ്യമ വാർത്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കമ്മിഷൻ അഭിഭാഷകൻ മനീന്ദർ സിംഗ് ആരോപണം നിഷേധിച്ചു. പ്രിസൈഡിംഗ് ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും വിശദ റിപ്പോർട്ട് സമർപ്പിക്കാമെന്നും കോടതിയെ അറിയിച്ചു.
ചെയ്യാത്ത വോട്ടിന്
താമര പ്രിന്റ്
മോക്‌പോളിന്റെ ആദ്യറൗണ്ടിൽ പരിശോധിച്ച 228 വോട്ടിംഗ് മെഷീനുകളിൽ 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. നാല് യന്ത്രങ്ങളിൽ പ്രശ്നം ശ്രദ്ധയിൽപ്പെട്ടു. രണ്ടുതവണ പരിശോധിച്ചപ്പോഴും ഇത് തുടർന്നു. ഒരു യന്ത്രത്തിൽ വോട്ട് ചെയ്യാൻ പത്ത് ഓപ്‌ഷനുകളുണ്ട്. ഓരോ ഓപ്‌ഷനും ഓരോ തവണ അമർത്തി പരിശോധിച്ചപ്പോൾ നാല് മെഷീനുകളിൽ രണ്ടു വോട്ട് ലഭിച്ചത് കണ്ടെത്തി. ഈ മെഷീനിൽ ആയിരം വോട്ടുകൾ ചെയ്യിപ്പിച്ചും പരിശോധന നടന്നു. ബി.ജെ.പിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. ചെയ്യാത്ത വോട്ടിനും താമരയുടെ പ്രിന്റ് വരുന്നു. തുടർന്നാണ് ഈ യന്ത്രങ്ങൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടത്.
അടിസ്ഥാനരഹിതം:
സഞ്ജയ് കൗൾ
തിരുവനന്തപുരം: മോക്പോളിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് അധിക വോട്ട് ലഭിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. മോക്പോളിനിടെ അധികമായി വി.വിപാറ്റ് സ്ലിപ് വന്നതാണ് പരാതിക്കിടയാക്കിയത്. യന്ത്രങ്ങൾ സജ്ജമാക്കിയ ശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ പ്രിന്റ് എടുക്കാതിരുന്ന സ്ലിപ്പാണ് പിന്നീട് പുറത്തുവന്നത്. ഈ സ്ലിപ്പിൽ നോട്ട് ടു ബി കൗണ്ടഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇവയ്ക്ക് മറ്റ് വിവിപാറ്റ് സ്ലിപ്പിനേക്കാളും നീളക്കൂടുതലുണ്ട്. മുഴുവൻ വോട്ടെടുപ്പ് യന്ത്രങ്ങളും സുരക്ഷിതവും കുറ്റമറ്റതുമാണ്. അസി. റിട്ടേണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഭാരത് ഇലക്ട്രോണിക്സിലെ എൻജിനിയർമാരാണ് മെഷീൻ പ്രവർത്തനം പരിശോധിക്കുന്നത്. സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിദ്ധ്യവുമുണ്ടാകും. ഇത് വെബ്കാസ്റ്റ് ചെയ്യുന്നുമുണ്ട്.