424.16 കോടി അധിക വരുമാനം, തളർത്തുമ്പോഴും റെയിൽവേയെ വളർത്തി കേരളം

Friday 19 April 2024 4:01 AM IST

 വരുമാനത്തിൽ തിരുവനന്തപുരം മുന്നിൽ


കോഴിക്കോട്: തിരക്കിനനുസരിച്ച് ട്രെയിനോ ഉള്ളവയിൽ മികച്ച ബോഗികളോയില്ല. പക്ഷേ,​ റെയിൽവേയ്ക്ക് വർഷാവർഷം ലാഭമുണ്ടാക്കിക്കൊടുക്കാൻ കേരളം വേണം.

2023-24 സാമ്പത്തിക വർഷം പാലക്കാട് ഡിവിഷനിൽ നിന്ന് 1576.16 കോടിയും തിരുവനന്തപുരത്ത് നിന്ന് 2149.89 കോടിയുമാണ് വരുമാനം. ആകെ 3726.05 കോടി. 2022-23ൽ ഇത് 3301.89 കോടിയായിരുന്നു.

ചരക്കുഗതാഗതവും യാത്രക്കൂലിയും ചേർത്ത് 424.16 കോടിയുടെ അധിക വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഈ ഡിവിഷനുകൾ നേടിയത്. യാത്രാവരുമാനത്തിൽ തിരുവനന്തപുരമാണ് മുന്നിൽ. കഴിഞ്ഞ വർഷത്തേക്കാൾ 226.24 കോടി അധികം.

റിസർവേഷനുള്ള ട്രെയിനുകൾ, റിസർവേഷനില്ലാത്തവ, സബർബൻ ട്രെയിനുകൾ എന്നിവയിലെല്ലാം യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായി. എന്നാൽ ഇതിനനുസരിച്ച് സൗകര്യങ്ങളേർപ്പെടുത്തുന്നില്ല. അനുവദിക്കുന്നവ സമയത്തിന് നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് താത്പര്യവുമില്ല.

യാത്രാനിരക്ക് ഉയർത്തിയതും വന്ദേഭാരത് ഉൾപ്പെടെ ഉയർന്ന നിരക്കിലെ ട്രെയിനുകൾ സർവീസ് ആരംഭിച്ചതുമാണ് വരുമാന വർദ്ധനയ്ക്ക് കാരണമെന്ന് റെയിൽവേ പറയുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് കേരളത്തിലാണ്.

892.95 കോടി രൂപയാണ് ചരക്കുനീക്കത്തിലൂടെ ഈ ഡിവിഷനുകൾക്ക് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 15.2 കോടിയുടെ അധിക വരുമാനം. കൽക്കരി, സിമന്റ്, അരി എന്നിവയാണ് കൂടുതൽ കൈകാര്യം ചെയ്തത്. ഇതര ഇനങ്ങളിൽ നിന്നായി 122.53 കോടിയും ലഭിച്ചു.

വെറും വാഗ്‌ദാനം

ഒന്നും നടക്കില്ല

വളവ് നിവർത്തൽ,​ പുതിയ സിഗ്നൽ സംവിധാനം എന്നിവ ഇക്കൊല്ലം പൂർത്തിയാക്കി കൂടുതൽ ട്രെയിൻ ഓടിക്കുമെന്നാണ് വാഗ്ദാനം. എന്നാൽ, 2022ൽ തുടങ്ങിയ പണികൾ ഇഴയുകയാണ്

സെൻട്രൽ റെയിൽവേ സ്റ്റേഷൻ ആധുനികവത്കരണവും നേമത്തും കൊച്ചുവേളിയിലും കൂടുതൽ സൗകര്യങ്ങളൊരുക്കലും നീളുന്നു

റേക്കുകൾ എത്തിച്ചിട്ടും മൂന്നാം വന്ദേഭാരത് മുടക്കാൻ ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢനീക്കം കേരളകൗമുദി കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നു

മലബാറിൽ തിരക്കേറിയ പാസഞ്ചർ ട്രെയിനുകളിൽ കോച്ച് കൂട്ടും,​ കൂടുതൽ മെമു ഓടിക്കും തുടങ്ങിയ വാഗ്ദാനങ്ങളും എങ്ങുമെത്തുന്നില്ല

വരുമാനം ഇങ്ങനെ

2022-23

യാത്രക്കൂലി: 883.16 (പാലക്കാട്), 1454.09 (തിരുവനന്തപുരം)

ചരക്കുഗതാഗതം: 473.29 (പാലക്കാട് ), 404.46 (തിരുവനന്തപുരം)

ഇതര വരുമാനം: 86.89, 34.31(പാലക്കാട് ), 52.58 (തിരുവനന്തപുരം)

 2023-24

യാത്രക്കൂലി: 1030.15 (പാലക്കാട്), 1680.43 (തിരുവനന്തപുരം)

ചരക്കുഗതാഗതം: 481.36 (പാലക്കാട്), 411.59 (തിരുവനന്തപുരം)

ഇതര വരുമാനം: 64.66(പാലക്കാട്), 57.87(തിരുവനന്തപുരം)

Advertisement
Advertisement