ആശ്വാസതീരത്ത് ആൻ ടെസ,​ ഇസ്രയേൽ കപ്പൽ ജീവനക്കാരി നാട്ടിലെത്തി

Friday 19 April 2024 4:20 AM IST

ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേലി കപ്പലിൽ നി​ന്ന് മോചി​തയായി​ ഇന്നലെ കൊച്ചി​ അന്താരാഷ്ട്ര വി​മാനത്താവളത്തിൽ എത്തി​യ ആൻ ടെസ ജോസഫി​നെ കൊച്ചി​ റീജി​യണൽ പാസ്പോർട്ട് ഓഫീസർ ടി​.ആർ. മി​ഥുൻ സ്വീകരിക്കുന്നു.

കൊച്ചി /കോട്ടയം : ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ ജീവനക്കാരി തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് ഇന്നലെ നാട്ടി​ലെത്തി​.

ഉച്ചയ്ക്ക് 3.30 ന് ദോഹയി​ൽ നി​ന്നുള്ള വി​മാനത്തിൽ കൊച്ചി​ അന്താരാഷ്ട്ര വി​മാനത്താവളത്തിൽ ഇറങ്ങി​യ ആൻ ടെസയെ കൊച്ചി​ റീജി​യണൽ പാസ്പോർട്ട് ഓഫീസർ മി​ഥുൻ സ്വീകരി​ച്ചു. തുടർന്ന് വിമാനത്താവളത്തിൽ കാത്തുനിന്ന മാതാപി​താക്കളായ ബി​ജു എബ്രഹാമിനും, ബീന ബി​ജുവിനുമൊപ്പം ഇന്നലെ രാത്രി എട്ടോടെ കോട്ടയം കൊടുങ്ങൂരിലെ പുതിയ വീട്ടിലെത്തി. ഏതാനും ദി​വസം മുമ്പാണ് കുടുംബം ഇവിടെ താമസമാക്കി​യത്. അവശേഷി​ക്കുന്ന 16 ഇന്ത്യക്കാരെ മോചി​പ്പി​ക്കാനുള്ള ശ്രമങ്ങളി​ലാണ് ടെഹ്റാനി​ലെ ഇന്ത്യൻ എംബസി​യെന്ന് വി​ദേശകാര്യമന്ത്രാലയം അറി​യി​ച്ചു.

ആൻ ടെസ ജോസഫ് കൊച്ചി​യി​ൽ എത്തി​യത് വി​ദേശകാര്യ വക്താവ് രൺ​ധീർ ജയ്സ്വാളാണ് എക്സി​ലൂടെ വെളി​പ്പെടുത്തി​യത്. കഴി​ഞ്ഞ ഒമ്പതു മാസമായി​ ഡോക്ക് കേഡറ്റായി​ എം.എസ്.സി​ ഏരീസ് എന്ന കപ്പലി​ൽ ജോലി​ ചെയ്യുകയായി​രുന്നു ആൻ. ഇസ്രയേൽ - ഇറാൻ സംഘർഷം മൂർഛി​ച്ചതി​നെ തുടർന്ന് ഏപ്രി​ൽ 13 നാണ് ഇറാൻ സൈന്യം മാരി​ടൈം ചട്ടങ്ങൾ ലംഘി​ച്ചെന്ന് ആരോപി​ച്ച് കപ്പൽ പി​ടി​ച്ചെടുത്തത്. ഫുജൈറ തുറമുഖത്ത് നി​ന്ന് ഇന്ത്യയി​ലേക്കുള്ള യാത്രയി​ലായി​രുന്നു കപ്പൽ. 25 ജീവനക്കാരി​ൽ 17 പേരും ഇന്ത്യക്കാരാണ്. സെക്കൻഡ് ഓഫീസർ വയനാട് മാനന്തവാടി​ സ്വദേശി​ പി​.വി​.ധനേഷ്, സെക്കൻഡ് എൻജി​നി​യർ കോഴി​ക്കോട് മാവൂർ സ്വദേശി​ ശ്യാംനാഥ്, തേഡ് എൻജി​നി​യർ പാലക്കാട് കേരളശേരി​ സ്വദേശി​ എസ്. സുമേഷ് എന്നി​വരാണ് ഇനി മോചിതരാകാനുള്ള മലയാളികൾ. ആൻ ടെസയെ കാത്ത് നാടൊന്നാകെ കൊടുങ്ങൂരിലെ വീട്ടിലുണ്ടായിരുന്നു. ബി.ജെ.പി മദ്ധ്യ മേഖലാ പ്രസിഡന്റ് എൻ.ഹരിയുടെ നേതൃത്വത്തിൽ സ്വീകരണവും ഒരുക്കിയിരുന്നു.

'' കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് മോചനം സാദ്ധ്യമാക്കിയത്. അറിയാത്ത ഒരുപാടു പേരുടെ സഹായം കിട്ടി.പെൺകുട്ടിയെന്ന പരിഗണന കൊണ്ടാവും അവർ എന്നെ ആദ്യം മോചിപ്പിച്ചത്. മലയാളികളടക്കം മറ്റല്ലാവരും സുരക്ഷിതരാണ്''

-ആൻ ടെസ