ശൈലജയോട് കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തം :മുഖ്യമന്ത്രി

Friday 19 April 2024 12:56 AM IST

മലപ്പുറം: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ തെമ്മാടിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്ര ഹീനമായി ഒരു രാഷ്ട്രീയ നേതാവിനെതിരെ പ്രചാരണം നടത്തുന്നവരെ തള്ളിപ്പറയുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് അതിശക്തമായ എൽ.ഡി.എഫ് തരംഗമാണ്. പി. ജയരാജന്റെ വടകരയിലെ 'വെണ്ണപ്പാളി' വനിതകൾ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ ക്രീമിലെയർ എന്നാവും ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു.

ജനകീയ വിഷയങ്ങളിലും വർഗീയതയെ എതിർക്കുന്നതിലും യു.ഡി.എഫിന് നിലപാടില്ല. ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസിന് താത്പര്യവുമില്ല. അധികാര രാഷ്ട്രീയത്തിൽ ഇടം മാത്രമാണ് ലക്ഷ്യം. ബി.ജെ.പിയുടെ ബി ടീമായി അധഃപതിച്ച കോൺഗ്രസ് മതനിരപേക്ഷ രാഷ്ട്രീയം വീണ്ടെടുക്കണം. കേരളത്തിലും കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ഒഴുക്കാണ്. മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ മക്കളിൽ തുടങ്ങി പലരും ബി.ജെ.പിയിലേക്ക് ടിക്കറ്റെടുത്തിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥികളിൽ നാലിൽ ഒന്നും മുൻ യു.ഡി.എഫുകാരാണ്. ഇതേ കോൺഗ്രസിൽ ഇരുന്ന് രാഹുൽഗാന്ധിയും വി.ഡി.സതീശനും നരേന്ദ്രമോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തതെന്തെന്ന് ചോദിക്കുന്നത് വിരോധാഭാസമാണ്.

ഇതുവരെ 15 മണ്ഡലങ്ങളിലും കേന്ദ്രസർക്കാരിനും ആർ.എസ്.എസിനുമെതിരെ താൻ ശക്തമായി സംസാരിച്ചിട്ടുണ്ട്. സംഘപരിവാറിനെതിരെ പറയാനും പൊരുതാനും ഇടതുപക്ഷത്തിന് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ട. പൗരത്വഭേദഗതി നിയമത്തിലടക്കം നിലപാടെടുക്കാത്ത കോൺഗ്രസിനെ ന്യായീകരിക്കുന്നത് മുസ്‌ലിംലീഗിന്റെ ഗതികേടാണ്. ചാരി നിൽക്കുമ്പോൾ അങ്ങനെയല്ലാതെ പറയാനാവില്ലല്ലോ.

പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പൊലീസെടുത്ത പരാതി പരിശോധിക്കും.