അനിലിന് ആന്റണിയുടെ അനുഗ്രഹമുണ്ടാകണം: രാജ്‌നാഥ് സിംഗ്
കോട്ടയം: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി ജയിക്കില്ലെന്ന എ.കെ.ആന്റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനമുണ്ട്. പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ല.
അദ്ദേഹത്തിനെതിരെ ഒരു അഴിമതി ആരോപണവും ഉയർന്നിട്ടില്ല. മാൻ ഒഫ് പ്രിൻസിപ്പൽസ് ആണ് ആന്റണി. പാർട്ടിയുടെ സമ്മർദ്ദം കാരണമാകാം മകൻ തോൽക്കുമെന്ന് അദ്ദേഹം പറഞ്ഞത്. വോട്ട് നൽകിയില്ലെങ്കിലും ആന്റണിയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് കരുതുന്നു. കാഞ്ഞിരപ്പള്ളിയിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആന്റണി ജ്യേഷ്ഠ സഹോദരനെ പോലെയായതിനാൽ അനിൽ തനിക്ക് ബന്ധുവിനെ പോലെയാണ്. അനിലിന് ബി.ജെ.പിയിൽ വലിയ ഭാവിയുണ്ട്. കേരളത്തിൽ എൻ.ഡി.എ രണ്ടക്കം കടക്കും. കോൺഗ്രസിന്റെ രാഹുൽയാൻ ദൗത്യം കഴിഞ്ഞ ഇരുപത് വർഷമായിട്ടും എങ്ങും എത്തിയിട്ടില്ല. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കാലഹരണപ്പെട്ടു. ഇവ രണ്ടും കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നില്ല.