21,537 പക്ഷികളെ ഇന്ന് കൊന്നൊടുക്കും, പഞ്ചായത്തുകൾക്ക് നിർദ്ദേശം
ആലപ്പുഴ : എടത്വ, ചെറുതന പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ കുട്ടനാട്ടിലെ താറാവുകർഷകർ ആശങ്കയിൽ. ഇരുപഞ്ചായത്തുകളിലായി കാൽ ലക്ഷത്തോളം താറാവുകളെ രോഗം ബാധിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. പക്ഷിപ്പനി പടരാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശം വന്നതോടെ പ്രദേശത്തെ പക്ഷികളെ കൊന്ന് കത്തിക്കുന്ന (കള്ളിംഗ്) നടപടികൾ ഉടൻ ആരംഭിക്കും.
ചത്ത താറാവുകളുടെ രക്തസാമ്പിളുകൾ ആദ്യം തിരുവല്ല മഞ്ഞാടിയിലെ സർക്കാർ ലാബിലും തുടർന്ന് ഭോപ്പാലിലെ വൈറോളജി ലാബിലും പരിശോധന നടത്തിയതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എടത്വ പഞ്ചായത്ത് ഒന്നാം വാർഡിൽ പാടത്ത് തീറ്റയ്ക്ക് കൊണ്ടുവന്ന ചമ്പക്കുളം ശ്രീകണ്ടപുരം എബ്രഹാം ഔസേപ്പിന്റെ 7500 ഉം ചെറുതന പഞ്ചായത്ത് മൂന്നാം വാർഡിൽ ചിറയിൽ രഘുനാഥന്റെ 2000ഉം ധനകണ്ടത്തിൽ ദേവരാജന്റെ 15,000 താറാവുകൾക്കുമാണ് പക്ഷിപ്പനി പിടിപെട്ടത്. എബ്രഹാം ഔസേപ്പ്, രഘുനാഥൻ, ദേവരാജൻ എന്നിവരുടെ മൂവായിരത്തോളം താറാവുകളാണ് രോഗം ബാധിച്ച് ചത്തത്.
പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ഒരുകിലോമീറ്റർ ചുറ്റളവിലെ 15 വീടുകളിലെ 446 വളർത്തുപക്ഷികൾ ഉൾപ്പെടെ 21,537 പക്ഷികളെ ഇന്ന് കൊന്ന് കത്തിക്കും. ഇതിനാവശ്യമായ വിറക്, ഡീസൽ, പഞ്ചസാര എന്നിവ നൽകാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, ചെറുതന, എടത്വ, കൈനകരി, ചേപ്പാട് പഞ്ചായത്ത് പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അരലക്ഷത്തോളം കഴിഞ്ഞ വർഷം താറാവുകളെ ഇത്തരത്തിൽ കൊന്നുകത്തിച്ചിരുന്നു.
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള കള്ളിംഗ് ഇന്ന് ആരംഭിക്കും. ഇതിനായി ഓരോ പഞ്ചായത്തിലും പത്ത് അംഗങ്ങളുള്ള നാല് ആർ.ആർ.ടി ഗ്രൂപ്പുകൾ വീതം രൂപീകരിച്ചിട്ടുണ്ട്.
-ഡോ. പി.രാജീവ്, ജില്ലാ കോ-ഓഡിനേറ്റർ,
മൃഗരോഗനിയന്ത്രണ പദ്ധതി, ആലപ്പുഴ
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ താറാവ് കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം -കെ.സി.വേണുഗോപാൽ എം.പി