കോട്ടയ്ക്കൽ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റൽ ശതാബ്ദിയുടെ നിറവിൽ

Friday 19 April 2024 1:43 AM IST

കോട്ടയ്ക്കൽ: ആതുരസേവനത്തിന്റെ നൂറ് സംവത്സരങ്ങൾ പിന്നിട്ട് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ചാരിറ്റബിൾ ഹോസ്പിറ്റൽ (ധർമ്മാശുപത്രി). ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാരിയർ പ്രകടിപ്പിച്ച സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ ആശുപത്രി. ആയുർവേദ ചികിത്സാവിഭാഗത്തോടൊപ്പം തുടക്കം മുതൽ തന്നെ പ്രവർത്തിച്ചുവരുന്ന അലോപ്പതി ഒ.പി., ഐ.പി. വിഭാഗങ്ങൾ കൂടാതെ കാൻസർ, മാനസിക രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക ഒ.പി. ക്ലിനിക്കുകളും, 'സഞ്ജീവനം' എന്ന പേരിൽ ഒരു പാലിയേറ്റീവ് കെയർ ക്ലിനിക്കും ഇവിടെ സജ്ജമാണ്. ക്ലിനിക്കൽ റിസർച്ച് കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് സൗജന്യ മരുന്നും സൗജന്യ ഭക്ഷണമടക്കമുള്ള കിടത്തി ചികിത്സയും ഉൾപ്പെടുന്ന സേവനങ്ങളുടെ സാന്ത്വനസ്പർശം തേടി ഇവിടെയെത്തുന്നത്. കഴിഞ്ഞ വർഷം തന്നെ രണ്ടുലക്ഷത്തിൽപരം ആളുകൾക്ക് ഈ ആശുപത്രിയിൽ നിന്നുള്ള സൗജന്യസേവനങ്ങൾ ലഭ്യമായിട്ടുണ്ട്. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സെമിനാറുകൾ, പ്രഭാഷണങ്ങൾ, എക്സിബിഷൻ, സാംസ്‌കാരികപരിപാടികൾ, വൈദ്യരത്നത്തിന്റെ ജീവിതത്തെ അവലംബമാക്കി രചിച്ച നാടകത്തിന്റെ അവതരണം എന്നിവയും ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്. ആഘോഷപരിപാടികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഏപ്രിൽ 29ന് വൈകിട്ട് ആറിന് ആശുപത്രി അങ്കണത്തിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരവും നർത്തകിയുമായ ആശാ ശരത് മുഖ്യാതിഥിയാവും. ശതാബ്ദി ലോഗോയുടെ പ്രകാശനം മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയർ നിർവഹിക്കും. സമ്മേളനത്തിൽ കോട്ടയ്ക്കൽ അൽമാസ് ഹോസ്പിറ്റൽ ചെയർമാനും മാനേജിംഗ് ഡയക്ടറുമായ ഡോ. പി.എ. കബീർ, കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്. വാരിയർ,​ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ എന്നിവർ ആശംസകളർപ്പിക്കും.

Advertisement
Advertisement