ദുബായിൽ നിന്നുള്ള യാത്ര വീണ്ടും ദുരിതത്തിൽ: പ്രവാസികൾ അടക്കമുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിന്റെ പ്രത്യേക നിർദ്ദേശം

Friday 19 April 2024 11:54 AM IST

ദുബായ്: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് പ്രവർത്തനം താളം തെറ്റിയ ദുബായ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശവുമായി അധികൃതർ.വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്നാണ് അറിയിപ്പ്. യാത്രക്കാരോട് പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നും അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.

വിമാനത്താവളത്തിൽ കനത്ത തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം. ദുബായിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പെയ്ത മഴയെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണഗതിയിലാക്കാൻ ഇന്ന് രാത്രി വരെ സമയമെടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഒരു ദിവസം ഒന്നര ലക്ഷത്തിലേറെ പേർ യാത്ര നടത്തുന്ന സ്ഥലമാണ് ദുബായ് വിമാനത്താവളം. അതിനാൽ തന്നെ ഇവിടത്തെ പ്രവർത്തനം സാധാരണഗതിയിലാക്കാനുളള ശ്രമം നടന്നുവരികയാണ്. ജീവനക്കാരുടെ കുറവുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ദുബായ് കണക്ട​റ്റ് സർവീസുകൾ രാത്രി 12 മണിവരെ നിർത്തിവയ്ക്കുമെന്നും എന്നാൽ ദുബായിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളുടെ സമയത്തിൽ മാ​റ്റമില്ലെന്നും അറിയിപ്പുണ്ട്. ഇന്നുകൂടി ഇത്തരത്തിലുളള നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

അതേസമയം, ശക്തമായ പേമാരി ശമിച്ചതോടെ യുഎഇയിൽ ജനജീവിതം സാധാരണഗതിയിലേക്ക് എത്തുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. കാലാവസ്ഥാ വ്യതിയാനം അവസാനിച്ചെന്നും ദുരിത ബാധിത മേഖലകളെ സാധാരണനിലയിലേക്ക് എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.പ്രളയക്കെടുതികളോട് അടിയന്തരമായി പ്രതികരിക്കാനും ദുരിതബാധിതർക്ക് പിന്തുണ നൽകാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വെളളപ്പൊക്കത്തിൽ മൂന്ന് ഫിലിപ്പീൻ സ്വദേശികൾ മരിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെ മരണം നാലായി.