എല്ലാം നടന്ന സംഭവം
നടന്ന സംഭവവുമായി മേയ് 9ന് എത്തുന്ന ലിജോ മോൾ സംസാരിക്കുന്നു
കഥാപാത്രത്തിന്റെ വേഷപ്പകർച്ചയിൽ മാത്രമല്ല, ലുക്കിലും മാറാറുണ്ട് ലിജോ മോൾ. പുതിയ തമിഴ് ചിത്രത്തിൽ വേറിട്ട ലുക്കിലാണ് ലിജോ. അഭിനയ യാത്രയിൽ എന്നും പുതു വഴിയിലൂടെയാണ് യാത്ര. മലയാളത്തിലും തമിഴിലും തിളങ്ങി നിൽക്കുന്ന ലിജോ മോൾ, ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും നായകന്മാരായി എത്തുന്ന നടന്ന സംഭവം എന്ന ചിത്രവുമായി മേയ് 9ന് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു.
''എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ താത്പര്യമാണ്. നടന്ന സംഭവത്തിൽ ഏറെ പ്രതീക്ഷ നൽകുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായി കോമഡി കഥാപാത്രവും ചെയ്തു. അത് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന കാത്തിരിപ്പിലാണ്."" നിറഞ്ഞ് ചിരിച്ച് ലിജോ മോൾ.
വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ കാരണം?
വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടം. അതുപോലെ പല തരം സിനിമകൾ ചെയ്യുക. എന്നെ സംബന്ധിച്ച് അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിലൂടെ ഒരു അഭിനേത്രിക്ക് വളരാൻ സാധിക്കുമെന്ന് കരുതുന്നു. അതിലൂടെ നമ്മളിൽ നിന്ന് ഇനി എന്താണ് ലഭിക്കാൻ പോകുന്നത് എന്നെല്ലാം പഠിക്കാൻ സാധിക്കും. ഞാൻ ഇപ്പോൾ അതെല്ലാം പഠിക്കുന്നു. മഹേഷിന്റെ പ്രതികാരത്തിനും ജയ് ഭീമിനും ശേഷം ഓരേ രീതിയിൽ കഥാപാത്രങ്ങൾ വന്നിരുന്നു. എന്നാൽ അത്തരം കഥാപാത്രങ്ങൾ തുടർച്ചയായി ചെയ്യുന്നതിനോട് താത്പര്യം കാണിച്ചില്ല.
മഹേഷിന്റെ പ്രതികാരത്തിൽ നിന്നാരംഭിച്ച യാത്രയിൽ എന്തെല്ലാം മാറ്റം സംഭവിച്ചു ?
ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. സിനിമയിലേക്ക് വരുന്ന സമയത്ത് അഭിനയത്തേക്കുറിച്ചോ സിനിമയയെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ അതിൽ നിന്ന് കുറെ മാറി. ഒരു അഭിനേത്രി എന്ന നിലയിൽ ഇപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുന്നു. ഇനി എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്നും നോക്കുന്നുണ്ട്. അതുപോലെ ഓരോ കാര്യങ്ങൾ പുതിയതായി പഠിക്കുന്നതിലൂടെ എന്റെ ആത്മവിശ്വാസം കൂടാനും സാധിച്ചിട്ടുണ്ട്.
നടന്ന സംഭവത്തിൽ ആരാണ് ലിജോ ?
സുരാജേട്ടന്റെ ഭാര്യ വേഷമാണ്. എന്നെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ബിജു ചേട്ടന്റെ ഭാര്യയായി ശ്രുതി രാമചന്ദ്രൻ അഭിനയിക്കുന്നു. ഒരുപാട് സ്ത്രീ കഥാപാത്രങ്ങളുണ്ട്. പലയിടങ്ങളിൽ കേട്ട, നടന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റസിഡൻഷ്യൽ ഏരിയയിൽ നടക്കുന്ന കഥയാണ് പറയുന്നത്.
2024 എങ്ങനെയാണ് ?
കലാസംവിധായകൻ ജ്യോതിഷ് ശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിച്ചു. ബേസിൽ ജോസഫാണ് നായകൻ. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഹെർ. ഉർവശി, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, ഐശ്വര്യ രാജേഷ് എന്നിവരോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, പ്രിയംവദ കൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന സിനിമ. ബ്ലൈന്റ ഫോൾഡ് എന്ന വെബ് സീരീസിലും അഭിനയിച്ചു.തമിഴിൽ ജയപ്രകാശ് സംവിധാനം ചെയ്യുന്ന ജിയോ ബേബി അവതരിപ്പിക്കുന്ന കാതൽ എൻപത് പുതുവുടമൈ. ലെസ്ബിയൻ പെൺകുട്ടിയുടെ കഥയാണ്. ലയണൽ ജോഷ്വയുടെ അന്നപൂർണി. ശശികുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫ്രീഡം .