മത്സരദിവസവും രോഹിത്ത് ശർമ്മ കഴിയുന്നത് മുംബയ് ഇന്ത്യൻസ് ടീമിനൊപ്പമല്ല, പകരം സ്വന്തം കുടുംബത്തോടൊപ്പം; കാരണമിതാണ്

Friday 19 April 2024 4:18 PM IST

മുംബയ്: പത്ത് വർഷത്തോളം നായകനായിരുന്ന രോഹിത്ത് ശർമ്മയെ മാറ്റി പകരം ഹാർദ്ദിക് പാണ്ഡ്യയെ മുംബയ് ഇന്ത്യൻസ് ക്യാപ്റ്റനാക്കിയത് ഈ സീസണിലാണ്. ഹാർദ്ദിക്കിന്റെ ക്യാപ്റ്റൻസിയിൽ ടീമിലെ മുതിർന്ന പല താരങ്ങൾക്കും എതിർപ്പുണ്ടെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. നിലവിൽ പുതിയ ക്യാപ്റ്റന്റെ ഒപ്പം ഏഴ് മത്സരങ്ങളിൽ മൂന്ന് വിജയവും നാല് തോൽവികളുമായി ആറ് പോയിന്റ് മാത്രം നേടിയ മുംബയ് ഏഴാം സ്ഥാനത്താണുള്ളത്. ഇതിനിടെ കഴിഞ്ഞദിവസം രോഹിത്ത് പറഞ്ഞ ഒരു വാക്യം സമൂഹമാദ്ധ്യമങ്ങളിൽ ചുറ്റിത്തിരിയുന്നുണ്ട്.

മുംബയുടെ മത്സരങ്ങളുള്ള ദിവസങ്ങളിൽ താൻ ടീമിനൊപ്പമല്ല കുടുംബത്തോടൊപ്പമാണ് കഴിയാറ് എന്നാണ് രോഹിത്ത് ഒരു പോഡ്കാസ്റ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'ഈ ദിവസങ്ങളിലായി എനിക്ക് ധാരാളം സമയം കിട്ടുന്നുണ്ട്. അതുകൊണ്ട് ഞാനെന്റെ കുടുംബത്തോടൊപ്പം കൂടുതൽസമയം ചിലവഴിക്കുകയാണ്.' രോഹിത്ത് പറഞ്ഞു. 'ഞാൻ വീട്ടിലിരിക്കുകയാണ് ഇപ്പോൾ പതിവ്. മുംബയ് ഇന്ത്യൻസിന്റെ കഴിഞ്ഞ നാല് കളികളും വാങ്കഡെയിലായിരുന്നു. ടീം മീറ്റിംഗിന് ഒരുമണിക്കൂർ മുൻപ് മാത്രം അവിടേക്ക് പോകും. ഇത് നല്ലതാണ്.' രോഹിത്ത് തന്റെ അഭിപ്രായം വ്യക്തമാക്കി.

ഐപിഎൽ 2024 സീസണിൽ മികച്ച റൺസ് സ്‌കോറർമാരിൽ മൂന്നാമനാണ് രോഹിത്ത്. ഏഴ് മത്സരങ്ങളിൽ 297 റൺസാണ് രോഹിത്ത് നേടിയത്. ടി20 ലോകകപ്പ് അടുത്തിരിക്കെ 167 ആണ് ഇന്ത്യൻ നായകന്റെ സ്‌ട്രൈക് റേറ്റ്. ധോണിക്ക് ശേഷം 250 മത്സരങ്ങൾ കളിച്ച താരമായി കഴിഞ്ഞദിവസം രോഹിത്ത് മാറിയിരുന്നു. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ 36 റൺസാണ് രോഹിത്ത് നേടിയത്.

Advertisement
Advertisement