സംസ്ഥാനം ചുട്ടുപൊള്ളും,​ ചൊവ്വാഴ്ച വരെ ഉയർന്ന താപനില,​ പാലക്കാട് ഉൾപ്പെടെ പത്ത് ജില്ലകൾക്ക് മുന്നറിയിപ്പ്

Friday 19 April 2024 7:55 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പാലക്കാട് ഉൾപ്പെടെ പത്ത് ജില്ലകളിൽ ചൊവ്വാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. നൽകി കേന്ദ്രകാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആലപ്പുഴ,​ കൊല്ലം,​ പത്തനംതിട്ട,​ കോട്ടയം,​ തൃശൂർ,​ കോഴിക്കോട്,​ കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം,​ കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2-3 ഡിഗ്രി സെൽഷ്യസ് കൂടുതൽ )​ ഈ ദിവസങ്ങളിൽ രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൊവ്വാഴ്ച വരെ ചൂടും ഈർപ്പമുള്ള കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. വൈകുന്നേരങ്ങളിലാണ് കൂടുതലായും മഴ ലഭിക്കുക. നാളെയും മറ്റെന്നാളും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.