പ്രചാരണത്തിൽ ആവേശമാണ് സാന്ദ്രയുടെ പാരഡി

Saturday 20 April 2024 12:08 AM IST
തിരഞ്ഞെടുപ്പ് ഗാനം ആലപിക്കുന്ന സാന്ദ്ര സജീവൻ

കാസർകോട്: 'കരളിൽ എൻ കരളിലും നിൻ കരളിലും ആവേശം ..' പൊളിപ്പൻ പാരഡി ഗാനങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധേയമാവുകയാണ് വലിയപറമ്പിലെ സാന്ദ്രാ സജീവൻ. പാട്ടരങ്ങുകൾ കീഴടക്കുന്ന ഗായകനും വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വി.വി സജീവന്റെയും കെ. സുഷയുടെയും മകളാണ് ഈ കൊച്ചുഗായിക.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണനു വേണ്ടി 'കരളാണ് കാസർകോട്' എന്ന പേരിൽ മൂന്ന് ഗാനങ്ങളാണ് സാന്ദ്രാ സജീവൻ ആലപിച്ചിരിക്കുന്നത്. പദ്മനാഭൻ കാവുമ്പായിയും സജീവൻ ഇടയിലക്കാടും രചിച്ച ഗാനങ്ങൾ പാരഡിഗാനമായി ചിട്ടപ്പെടുത്തിയാണ് സാന്ദ്ര ഒർജിനൽ ഗാനത്തെ വെല്ലുന്ന വിധത്തിൽ ആലപിച്ചത്.

നാടും നഗരവും ഒരുങ്ങി, വോട്ടർമാർ ആകെയുണർന്നു, പണ്ടേ ചെയ്യണ വോട്ടാണ് പാർലമെന്റിലെ വോട്ടാണ് എന്നീ ഗാനങ്ങളും പാടിയിട്ടുണ്ട്. എം. രാജഗോപാലൻ എം.എൽ.എയാണ് സി.ഡി പുറത്തിറക്കിയത്. 2014ൽ പി.കെ ശ്രീമതിക്കു വേണ്ടി കണ്ണൂർ മണ്ഡലത്തിൽ 'കണ്ണൂരിന് ശ്രീ മതി' എന്ന പ്രചാരണ ഗാന സിഡിയിൽ 'ശ്രീമതി ടീച്ചറെൻ അമ്മയെപ്പോലെ ഇഷ്ടം' എന്ന ഗാനം പാടിയാണ് സാന്ദ്ര സജീവൻ തിരഞ്ഞെടുപ്പ് ഗാനരംഗത്തേക്ക് കടന്നുവന്നത്. അന്ന് സാന്ദ്രയുടെ പ്രായം എട്ടു വയസ്സായിരുന്നു. പിന്നീട് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ എം. വിജയകുമാറിനു വേണ്ടി 'കൊടികൾ ചെങ്കൊടികൾ' എന്ന ഗാനം പാടി വൈറൽ ആയിരുന്നു. 2016ൽ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർത്ഥി എം. രാജഗോപാലനു വേണ്ടിയും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്ന വി.പി.പി മുസ്തഫയ്ക്ക് വേണ്ടിയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.പി സതീഷ് ചന്ദ്രനു വേണ്ടിയും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വന്തം പിതാവായ വി.വി സജീവനു വേണ്ടിയും സാന്ദ്ര ഗാനമാലപിച്ചിട്ടുണ്ട്. പയ്യന്നൂർ കോളേജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്.

Advertisement
Advertisement