ഇയാള്‍ക്ക് പ്രായമൊന്നും ഒരു പ്രശ്‌നമല്ല, ഒമ്പത് പന്തില്‍ അഞ്ച് ബൗണ്ടറി അടിച്ച് എംഎസ് ധോണി

Friday 19 April 2024 9:38 PM IST

ലക്‌നൗ: മുംബയ്‌ക്കെതിരെ നിര്‍ത്തിയ സ്ഥലത്ത് നിന്ന് തുടങ്ങി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ തകര്‍പ്പന്‍ ഫിനിഷിംഗ്. ലക്‌നൗവിലെ താരതമേന്യ വേഗം കുറഞ്ഞ പിച്ചില്‍ തീ പിടിപ്പിക്കുന്ന പ്രകടനാണ് ധോണി പുറത്തെടുത്തത്. ഒമ്പത് പന്തുകള്‍ നേരിട്ട ധോണി മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം അടിച്ചെടുത്തത് പുറത്താകാതെ 28 റണ്‍സ്, അതും 311.11 സ്‌ട്രൈക് റേറ്റില്‍.

ധോണി എട്ടാമനായി സിഎസ്‌കെയ്ക്ക് വേണ്ടി ബാറ്റിംഗിനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സ്‌കോര്‍ 17.5 ഓവറില്‍ ആറ് വിക്കറ്റിന് 141 എന്ന നിലയിലായിരുന്നു. ധോണിയുടെ തകര്‍പ്പന്‍ ഫിനിഷിംഗ് കൂടി ചേര്‍ന്നപ്പോള്‍ അന്തിമ സ്‌കോര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന നിലയിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈക്ക് രചിന്‍ രവീന്ദ്ര 0(1), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 17(13) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. നാലാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ 57*(40), അജിങ്ക്യ റഹാനെ 36(24) എന്നിവര്‍ ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു.

റഹാനെ പുറത്തായതിന് പിന്നാലെയെത്തിയ ശിവം ദൂബെ 3(8), സമീര്‍ റിസ്‌വി 1(5) എന്നിവരുടെ വിക്കറ്റുകളും പെട്ടെന്ന് നഷ്ടമായി. മൊയീന്‍ അലി 30(20) റണ്‍സ് നേടി ആറാമനായി പുറത്തായി. ഇതിന് ശേഷമാണ് എകാന സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയ ധോണിയുടെ ഇന്നിംഗ്‌സ് പിറന്നത്.

Advertisement
Advertisement