വന്യജീവി ആക്രമണം: സമരം ചെയ്യാത്തവർക്ക് നഷ്ടപരിഹാരമില്ല

Saturday 20 April 2024 12:02 AM IST

കൊച്ചി: പ്രതിഷേധിക്കാനും റോഡ് ഉപരോധിക്കാനും ആൾക്കൂട്ടമില്ലെങ്കിൽ വന്യജീവി ആക്രമണങ്ങളിലെ ഇരകൾക്ക് ചികിത്സാച്ചെലവും നഷ്ടപരിഹാരവുമില്ല. ജനകീയ പ്രക്ഷോഭമുണ്ടായ എല്ലാ സംഭവങ്ങളിലും പ്രഖ്യാപിച്ച മുഴുവൻ നഷ്ടപരിഹാരവും 24 മണിക്കൂറിനകം വീട്ടിലെത്തിച്ചുനൽകി. അതേസമയം വയനാട് നടവയലിലെ ഫോറസ്റ്റ് വാച്ചർ രാജു സെബാസ്റ്റ്യൻ, പുൽപ്പള്ളി പാക്കംകാരേരി കോളനിയിലെ ആദിവാസി ബാലൻ ശരത് (14), കുമളി സ്‌പ്രിംഗ്‌വാലി സ്വദേശി മുല്ലമലയിൽ എം.ആർ. രാജീവ് (46) തുടങ്ങിയവർ അർഹമായ ചികിത്സാസഹായം കിട്ടാതെ നരകിക്കുകയാണ്. 2023 നവംബർ നാലിന് പുലർച്ചെ റബർതോട്ടത്തിൽ ജോലിക്കുപോയപ്പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയനാട് മേപ്പാടി ചോലമലയിലെ കുഞ്ഞവറാൻ ഉസ്താദിന്റെ കുടുംബവും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നു.

*രാജു സെബാസ്റ്റ്യൻ

2019 ഒക്ടോബർ 18ന് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് രാജു സെബാസ്റ്റ്യനെ ആന തോണ്ടിയെറിഞ്ഞത്. 20മീറ്റർ അകലെവീണ് നട്ടെല്ല് തകർന്ന് കിടപ്പിലായി. ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു രാജു. ഭാര്യ ഡാൽഫിയെ വനംവകുപ്പിൽ താത്കാലിക വാച്ചറായി നിയമിച്ചെങ്കിലും 8,000 രൂപയാണ് വേതനം. രാജുവിന്റെ ചികിത്സയ്ക്ക് പ്രതിമാസം 4,000രൂപ വേണം.

*ശരത്

ജനുവരി 28ന് കാട്ടാന ചുഴറ്റിയെറിഞ്ഞ പത്താംക്ലാസ് വിദ്യാർത്ഥി ശരത് പുൽപ്പള്ളി പാക്കംകാരേരി കാട്ടുനായ്ക്ക കോളനിയിലെ വിജയന്റെയും കമലാക്ഷിയുടെയും മകനാണ്. കടയിൽപ്പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം. നട്ടെല്ല് തകർന്ന് അരയ്ക്കുതാഴെതളർന്ന ശരത്തിന് കിട്ടിയത് 10,000രൂപ.

* എം.ആർ. രാജീവ്

കഴിഞ്ഞ ദു:ഖവെള്ളിയാഴ്ച കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്ര് പാലായിലെ ആശുപത്രിയിൽ കഴിയുന്ന കുമളി സ്വദേശി രാജീവിന്റെ മുഴുവൻ ചികിത്സാചെലവും ജോലിചെയ്യാൻ പ്രാപ്തനാകുന്നതുവരെയുള്ള ചെലവും ഭാര്യക്ക് വനംവകുപ്പിൽ താത്കാലിക ജോലിയുമാണ് വാഗ്ദാനം ചെയ്തത്. ചികിത്സാച്ചെലവ് അഞ്ചുലക്ഷം കടന്നിട്ടും വനംവകുപ്പ് നൽകിയത് ഒരുലക്ഷംരൂപ.

*കുഞ്ഞവറാൻ ഉസ്താദ്

ഭാര്യയും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു കുഞ്ഞവറാൻ ഉസ്താദ്. സ്വന്തമായി കിടപ്പാടമില്ലാത്ത കുടുംബം എസ്റ്റേറ്റ് ലയത്തിലാണ് (പാടി) താമസം. കുടുംബത്തിന് 10ലക്ഷം നഷ്ടപരിഹാരം, ആശ്രിതന് ജോലി, വീട് തുടങ്ങിയവ പ്രഖ്യാപിച്ചെങ്കിലും കിട്ടിയത് അഞ്ചുലക്ഷം രൂപ മാത്രം.

* ചികിത്സാച്ചെലവ്

പരിക്കിന് അനുസരിച്ച് ചികിത്സാച്ചെലവിൽ വ്യത്യാസം ഉണ്ടാകും. എന്നാൽ ഡി.എഫ്.ഒമാർക്ക് അനുവദിക്കാവുന്ന പരമാവധി തുക 1ലക്ഷംരൂപയാണ്.

* യഥാർത്ഥ ചികിത്സാച്ചെലവ് നൽകണമെങ്കിൽ സർക്കാർ തലത്തിൽ പ്രത്യേക ഉത്തരവ് ഉണ്ടാകണം.

Advertisement
Advertisement