സംഗീതത്തിൽ ചാലിച്ച് ഹൈബിക്ക് പിറന്നാൾ മുത്തം !

Friday 19 April 2024 10:05 PM IST

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളിലെ തിരക്കിനിടയിൽ ഹൈബി ഈഡന് വ്യത്യസ്തമായൊരു പിറന്നാൾ സമ്മാനമൊരുക്കി ഭാര്യ അന്ന ഈഡനും മകൾ ക്ലാരയും. വീഡിയോ ആൽബമായിരുന്നു സമ്മാനം. 'ഹൈബി ഈഡന് ക്ലാരയും അന്നയും ചേർന്നൊരുക്കിയ പിറന്നാൾ സമ്മാനം' എന്ന ടൈറ്റിലോടെയാണ് ഗാനോപഹാരം തുടങ്ങുന്നത്. ഒരേ പാതയിൽ, ഒരേ യാത്രയിൽ എനിക്കുള്ളൊരാൾ, നമുക്കുള്ളൊരാൾ... എന്ന വരികളോടെയാണ് ഗാനം. ക്ലാരയും അന്നയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്നു. കൊച്ചിയോടൊപ്പമെന്നും യാത്ര ചെയ്യുന്ന ഹൈബിയുടെ പിറന്നാളും കൊച്ചിയുമായി ബന്ധപ്പെടുത്തിയാകണം എന്ന ആഗ്രഹത്തിലാണ് വീഡിയോ കൊച്ചിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതെന്നും അന്ന പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും ഹൈബിയെക്കുറിച്ച് മകൾ ക്ലാര പാടിയ പാട്ട് വൈറലായിരുന്നു. ഹൈബിയാണ് ഗാനം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഷെയർ ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ക്ലാരയും അന്നയും ഹൈബിക്കൊപ്പമുണ്ട്.

Advertisement
Advertisement