കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ജയം തട്ടിയെടുത്ത് ഒഡീഷ എഫ്.സി; തോല്‍വി വഴങ്ങിയത് 86 മിനിറ്റ് മുന്നില്‍ നിന്ന ശേഷം

Friday 19 April 2024 10:41 PM IST

ഭുവനേശ്വര്‍: കന്നി കിരീടത്തിനായുള്ള കാത്തിരുപ്പ് അടുത്ത സീസണിലേക്ക് നീട്ടി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ പത്താം സീസണില്‍ നിന്ന് പുറത്ത്. പ്ലേ ഓഫ് മത്സരത്തില്‍ 86ാം മിനിറ്റ് വരെ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് എക്‌സ്ട്രാ ടൈമില്‍ ഉള്‍പ്പെടെ 11 മിനിറ്റിനിടെ രണ്ട് ഗോളുകള്‍ വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. വാശിയേറിയ പോരാട്ടത്തിന് വേദിയായ കലിംഗ സ്‌റ്റേഡിയത്തില്‍ ഹോം ടീം സെമിയിലേക്ക് മുന്നേറുകയും ചെയ്തു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒഡീഷയാണ് ആക്രമിച്ച് കളിച്ചത്. എന്നാല്‍ കൃത്യതയാര്‍ന്ന പ്രതിരോധത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒ.എഫ്.സി ആക്രമണങ്ങളുടെ മുനയൊടിച്ചു. പ്രതിരോധവും പ്രത്യാക്രമണവുമെന്ന ശൈലിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ കളിച്ചത്. ആദ്യ 45 പിന്നിട്ട് ഇടവേളയ്ക്ക് പിരിഞ്ഞപ്പോള്‍ ഒഡീഷയും കേരള ബ്ലാസ്‌റ്റേഴ്‌സും ഗോള്‍രഹിത സമനില പാലിച്ചു.

രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കളിച്ചു. 67ാം മിനിറ്റില്‍ അതിന് ഫലവും കിട്ടി. ഫെഡോര്‍ ഷെര്‍നിച്ചിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരം വിജയിച്ച് സെമിയിലേക്ക് മുന്നേറുമെന്ന് തോന്നിയ നിമിഷത്തിലാണ് നിശ്ചിത സമയം അവസാനിക്കാന്‍ വെറും നാല് മിനിറ്റില്‍ താഴെ മാത്രം സമയമുള്ളപ്പോള്‍ ഡിയേഗോ മൗറീഷ്യോ ഒഎഫ്‌സിക്കായി വല കുലുക്കിയത്.

നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതമടിച്ച് രണ്ട് ടീമുകളും തുല്യത പാലിച്ചതോടെ മത്സരം അധിക സമയത്തിലേക്ക് പോയി. 98ാം മിനിറ്റില്‍ ഇസാക് വാന്‍ലാല്‍റുവാറ്റ്‌ഫെലയുടെ ഗോളിലൂടെ ഒഡീഷ മുന്നിലെത്തി. പിന്നീട് കേരളം സമനില ഗോളിനായി പരമാവധി ശ്രമിച്ചെങ്കിലും ഒഡീഷയുടെ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിംഗിന്റെ തകര്‍പ്പന്‍ സേവുകളും ഒഡീഷയുടെ പ്രതിരോധവും പ്രതിബന്ധങ്ങളായി. പരിക്കേറ്റ സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമന്റകോസിന്റെ അഭാവവും കേരളത്തിന് തിരിച്ചടിയായി.

Advertisement
Advertisement