ജില്ലയിൽ ഈ വർഷം 14 മുങ്ങിമരണം

Friday 19 April 2024 10:45 PM IST

മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 14 മുങ്ങിമരണങ്ങളെന്ന് അഗ്നിരക്ഷാ സേനയുടെ കണക്കുകൾ. നിലമ്പൂരിലാണ് ഏറ്റവും കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത്. നാല് മുങ്ങിമരണങ്ങളാണ് ഇവിടെ നടന്നത്. തിരുവാലി, മഞ്ചേരി എന്നിവിടങ്ങളിൽ മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിരക്ഷാ സേനയുടെ കണക്കിൽപ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താൽ മരണസംഖ്യ ഇനിയും ഉയരും.

മിടിപ്പേകാൻ 'മിടിപ്പ്'

ജലാശയാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ ഡിഫൻസുമായി സഹകരിച്ച് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ 'മിടിപ്പ്' എന്ന പേരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം നൽകുന്നുണ്ട്. എന്നാൽ, പല അഗ്നിരക്ഷാ ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് തിരക്കിലായതിനാൽ അവധിക്കാലം തുടങ്ങിയതിന് ശേഷം പദ്ധതി താത്ക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വീണ്ടും പുനാരംഭിക്കും.

പല സ്‌കൂളുകളും വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനത്തിനായി അഗ്നിരക്ഷാ സേനയെ ബന്ധപ്പെട്ടിട്ടുണ്ട്. നവംബർ 14ന് ശിശുദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. 101 സിവിൽ ഡിഫൻസ് അംഗങ്ങളെയും അഗ്നിരക്ഷാ സേനയിലെ എട്ട് ഉദ്യോഗസ്ഥരെയും പരിശീലനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പരിശീലനത്തിനായി സുരക്ഷിതമായ നീന്തൽക്കുളങ്ങൾ ലഭ്യമായ വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത അഗ്നിരക്ഷാ സേനയെ ബന്ധപ്പെട്ടാൽ സൗജന്യ പരിശീലനം ലഭിക്കും.

ജില്ലയിലെ ഫയർ സ്റ്റേഷനുകളും മുങ്ങിമരണങ്ങളും

താനൂർ----------- 1
പെരിന്തൽമണ്ണ -------2
മലപ്പുറം ------------ 3
മഞ്ചേരി ------------ 0
നിലമ്പൂർ ------------ 4
തിരൂർ ------------ 3
തിരുവാലി ------------ 0
പൊന്നാനി ------- 1

അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ ജലാശയത്തിൽ ഇറങ്ങുന്നതും പരിശീലിക്കാതെ തന്നെ നീന്താം എന്ന് വിചാരിക്കുന്നതും മദ്യപിച്ച് ജലാശയത്തിൽ ഇറങ്ങുന്നതും മുങ്ങിമരണത്തിന് പ്രധാന കാരണങ്ങളാണ്. ക്ഷീണിക്കുന്നത് ശ്രദ്ധിക്കാതെ ദീർഘനേരം നീന്തുന്നതും അപകടം ക്ഷണിച്ച് വരുത്തും.

ഇ.കെ.അബ്ദുൾ സലീം, സ്റ്റേഷൻ ഓഫീസ‌ർ,​ ഫയർ ആൻഡ് റെസ്‌ക്യൂ മലപ്പുറം

Advertisement
Advertisement