പൂത്തുലഞ്ഞ് ആൾപ്പൂരം

Saturday 20 April 2024 4:42 AM IST

തൃശൂർ: വഴികളായ വഴികളെല്ലാം പൂരപ്പറമ്പിലേക്ക് തുറന്നപ്പോൾ ജനലക്ഷങ്ങൾ നിരന്ന ആൾപ്പൂരമായി. കുടമാറ്റവും ഇലഞ്ഞിത്തറമേളവും മഠത്തിൽ വരവുമെല്ലാമായി ഒരിക്കൽ കൂടി മലയാളികളുടെ ഏറ്റവും വലിയ ഉത്സവം പൂത്തുലഞ്ഞു. അസ്തമയ സൂര്യപ്രഭയിൽ, തേക്കിൻകാട് മൈതാനത്ത് ആനപ്പുറമേറിയ കുടമാറ്റച്ചന്തം കാണാൻ മുൻവർഷത്തേക്കാൾ ജനമായിരുന്നു.

രാവിലെ ഏഴോടെ പതിനഞ്ചാനകളുടെ അകമ്പടിയോടെ തിരുവമ്പാടി ഭഗവതി എഴുന്നള്ളുമ്പോഴായിരുന്നു പൂരത്തിന്റെ തുടക്കം.

അന്നേരം, വടക്കുന്നാഥനിലേക്ക് ഘടകക്ഷേത്രമായ കണിമംഗലം ശാസ്താവ് എഴുന്നള്ളാൻ തുടങ്ങി. ദേവഗുരുവായതിനാൽ വടക്കുന്നാഥനെ വണങ്ങുകയോ വലം വയ്ക്കുകയോ ചെയ്യാതെ ശാസ്താവ് തെക്കേഗോപുരം വഴി കയറി പടിഞ്ഞാറെ ഗോപുരനട വഴി മടങ്ങി. 11.30ന് ബ്രഹ്മസ്വം മഠത്തിൽ കോങ്ങാട് മധു പ്രമാണിയായി തിരുവമ്പാടിയുടെ മഠത്തിൽ വരവ് കൊട്ടിക്കയറി. ഉച്ചയോടെ എട്ട് ഘടകക്ഷേത്രങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങി. പന്ത്രണ്ടോടെ പതിനഞ്ചാനകളുമായി പാറമേക്കാവിലമ്മ പൂരത്തിനിറങ്ങി. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിലെത്തി.
കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിയായുള്ള ഇലഞ്ഞിത്തറ മേളം കഴിഞ്ഞ് അഞ്ചോടെയാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ തെക്കേഗോപുര നടയിലൂടെ മൈതാനത്തെത്തിയത്. കുടകൾ മാറിച്ചൂടിയായിരുന്നു ഇരു വിഭാഗങ്ങളുടെയും തെക്കോട്ടിറക്കം. ആറോടെ ലക്ഷങ്ങൾ കാത്തിരുന്ന കുടമാറ്റം.

തെക്കേഗോപുര നടയും പരിസരങ്ങളും തിങ്ങിനിറഞ്ഞു. ഓരോ കുട മാറുമ്പോഴും ആരവങ്ങൾ ഉയർന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പണിപ്പെട്ടു. കുടമാറ്റം കഴിയുമ്പോൾ രാത്രിപൂരത്തിനായി ഒഴുകുകയായിരുന്നു ആയിരങ്ങൾ. ഇന്ന് പകൽപ്പൂരം കഴിഞ്ഞ് ഉച്ചയ്ക്ക് ശ്രീമൂലസ്ഥാനത്ത് ദേവിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരം പൂർണ്ണമാകും.

3500 ലേറെ പൊലീസുകാർ

3500ലേറെ പൊലീസുദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലായിരുന്നു പൂരം. 30 ഡിവൈ.എസ്.പി മാരും 60 സി.ഐമാരും 300 എസ്.ഐമാരും 3000 ഓളം സിവിൽ പൊലീസ് ഓഫീസർമാരും 200 വനിതാ പൊലീസും പൂരത്തിനെത്തി.

Advertisement
Advertisement