തൊണ്ട വരണ്ട് തീരദേശം

Saturday 20 April 2024 12:53 AM IST

 കുടിവെള്ളം ലഭ്യമായിട്ട് രണ്ടാഴ്ചയിലേറെ

കൊല്ലം: രണ്ടാഴ്ചയിലേറെയായി കുടിവെള്ളം കിട്ടാതെ വലയുകയാണ് മുണ്ടയ്ക്കൽ തിരുവാതിര നഗർ മുതൽ പാപനാശം വരെയുള്ള നി‌ർദ്ധനരായ നൂറോളം കുടുംബങ്ങൾ. ഇക്കഴിഞ്ഞ മാർച്ച് 31ന് ഉണ്ടായ കടലാക്രമണത്തെ തുടർന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടായതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണം. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപണി പുരോഗമിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്.

കോർപ്പറേഷന്റെ നേതൃത്വത്തിൽ എല്ലാദിവസവും ടാങ്കറുകളിൽ വിതരണം ചെയ്യുന്ന വെള്ളം, ഭക്ഷണം പാകം ചെയ്യാനോ കുടിക്കാനോ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഉയരുന്ന ആക്ഷേപം. കിലോമീറ്ററുകൾ സഞ്ചരിച്ച് കുടങ്ങളിലും മറ്റും വെള്ളം ശേഖരിച്ചാണ് പ്രദേശവാസികൾ പാചകത്തിനും മറ്റും ഉപയോഗിക്കുന്നത്. കോർപ്പറേഷനിൽ നിന്ന് കിട്ടുന്ന വെള്ളം ഭൂരിഭാഗം പേരും തുണികഴുകാനും കുളിക്കാനുമാണ് ഉപയോഗിക്കുന്നത്. ഇതിൽ പാചകം ചെയ്താൽ ഭക്ഷണം പെട്ടെന്ന് കേടുവരുമെന്നാണ് പരാതി. പ്രായമായവരും മറ്റ് ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ദൂരെ പോയി വെള്ളം ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിവൃത്തിയില്ലാതെ വരുമ്പോൾ ചിലർ കുപ്പിവെള്ളം വാങ്ങിയാണ് കുടിക്കാൻ ഉപയോഗിക്കുന്നത്.

അറ്റകുറ്റപ്പണി എന്ന്

തീരുമെന്ന് അവ്യക്തം

താമസക്കാരിൽ അധികവും നിർദ്ധനരായ തൊഴിലാളികളാണ്. കുടിവെള്ളം പണം കൊടുത്ത് വാങ്ങിക്കുന്നത് ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും. സ്വന്തമായി കിണറില്ലാത്തവരാണ് ഈ ദുരിതം അനുഭവിക്കുന്നത്. പൈപ്പ് ലൈനിന്റെ പണി നടക്കുന്നുണ്ടെങ്കിലും എന്ന് പൂർത്തിയാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പൈപ്പ് ലൈനിലൂടെ എത്രയും പെട്ടെന്ന് വെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement