കെ.എസ്.ഇ.ബി സബ് എൻജി​നി​യർ: 194 ഒഴി​വുകൾ പൂഴ്ത്തി​

Saturday 20 April 2024 12:02 AM IST

കൊല്ലം: കെ.എസ്.ഇ.ബിയി​ലെ 194 സബ് എൻജിനിയർ (ഇലക്ട്രിക്കൽ) ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ അധികൃതർ. സ്ഥാപനത്തി​ൽ പുനഃസംഘടന നടക്കുന്നതാണ് കാരണമായി​ പറയുന്നത്.

2021ലാണ് തസ്തികയിലേക്ക് വി‌ജ്ഞാപനം വന്നത്. 2023 ഫെബ്രുവരിയിൽ നടത്തിയ പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് നവംബർ 29ന് പ്രസിദ്ധീകരിച്ചു. മുഖ്യപട്ടികയിൽ 941പേർ. സപ്ലിമെന്ററിയിൽ 888 പേരും. മൂന്നുവർഷമാണ് റാങ്ക്‌ലിസ്റ്റിന്റെ കാലാവധി. 2023 ഒക്ടോബർ വരെ 411 ഒഴിവുകളുണ്ടായി​. എന്നാൽ 217 ഒഴിവുകൾ മാത്രമേ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. 194 എണ്ണം പൂഴ്ത്തി​. കഴിഞ്ഞ ഫെബ്രുവരിയിൽ 217 പേർക്ക് നിയമനം നൽകി.

2022 ജൂൺ 16ന് ശേഷമുള്ള ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനുള്ളത്. ചെലവ് ചുരുക്കലിന്റെ മറവിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്നും കരാർ നിയമനം പ്രോത്സാഹിപ്പിക്കുകയാണ് മാനേജ്മെന്റ് ലക്ഷ്യമെന്നും ആക്ഷേപമുണ്ട്.

വൈദ്യുതി വിതരണം നിയന്ത്രിക്കാനും ഫോൾട്ട് ക്ലിയറിംഗ് ഡ്യൂട്ടി ചെയ്യാനും വേണ്ടത്ര സബ് എൻജിനിയർമാരി​ല്ല. കെ.എസ്.ഇ.ബി സബ് എൻജിനിയർ (ഇലക്ട്രിക്കൽ) റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇതിനോടകം മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും ബോർഡ് ഡയറക്ടർമാർക്കും ചെയർമാനുമടക്കം നിവേദനം നൽകി.

2013ൽ തുടങ്ങിയ കെ.എസ്.ഇ.ബി പുനഃസംഘടനയുടെ പേരു പറഞ്ഞാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. വർഷങ്ങളോളം കാത്തിരുന്നാണ് പരീക്ഷ എഴുതിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നിയമനം നൽകിയതിന്റെ എൻ.ജെ.ഡി വേക്കൻസി റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം ബാക്കിയുള്ള 194 ഒഴിവുകൾ കൂടി റിപ്പോ‌ർട്ട് ചെയ്യാൻ അധികൃതർ തയ്യാറാകണം. മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം ഉണ്ടാക്കണം

ഭാരവാഹികൾ, കെ.എസ്.ഇ.ബി സബ് എൻജിനിയർ (ഇലക്ട്രിക്കൽ) റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ

Advertisement
Advertisement