ജെസ്ന ഗർഭിണിയായിരുന്നില്ലെന്ന് സി.ബി.ഐ, രക്തംപുരണ്ട വസ്ത്രം കണ്ടെത്തിയിട്ടില്ല

Saturday 20 April 2024 12:00 AM IST

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിൽ പിതാവിന്റെ വാദങ്ങൾ പൂർണമായും തള്ളി സി.ബി.ഐ. ജെസ്ന ഗർഭിണിയായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സി.ജെ.എം കോടതിയെ അറിയിച്ചു. രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് വാദിച്ചിരുന്നു. ഇതേത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നിപുൺ ശങ്കറിനെ കോടതി വിളിച്ചുവരുത്തുകയായിരുന്നു.

കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി 23ന് വിധി പറയും.

കാണാതാകുമ്പോൾ ജെസ്‌ന ഗർഭിണിയായിരുന്നോ എന്ന് കുടുംബം സംശയിച്ചിരുന്നതിനാൽ, രത്സസ്രാവത്തെ തുടർന്ന് ജെസ്‌ന ചികിത്സ തേടിയ ഡോ. ലിസമ്മ ജോസഫിനെയും ഗൈനക്കോളജിസ്റ്റ് ഡോ. നെബു സക്കറിയയെയും കണ്ട് സി.ബി.ഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. ജെസ്ന ഗർഭിണിയായിരുന്നില്ലെന്ന് തെളിവുകൾ അടിസ്ഥാനമാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചത്. അജ്ഞാത സുഹൃത്തിനാൽ ഗർഭിണിയായ വിവരം പുറത്തറിയാതിരിക്കാൻ കൊലപ്പെടുത്തിയെന്നാണ് പിതാവിന്റെ ഹർജിയിലെ ആരോപണം.

സി.ബി.ഐ അറിയിച്ചത്

ജെസ്നയുടെ രക്തംപുരണ്ട വസ്ത്രങ്ങൾ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടില്ല

സി.ബി.ഐയ്ക്കും വസ്ത്രങ്ങൾ ലഭിച്ചിട്ടില്ല

രക്തംപുരണ്ട വസ്ത്രം കണ്ടെടുത്തെങ്കിൽ അത് പൊലീസ് രേഖയിലുണ്ടാവുമായിരുന്നു. രേഖ സി.ബി.ഐയ്ക്ക് കിട്ടിയിട്ടില്ല.

രക്തസ്രാവം ഉണ്ടായപ്പോൾ ജെസ്ന ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ രേഖകൾ പരിശോധിച്ചു

ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി

ആർത്തവവുമായി ബന്ധപ്പെട്ടാണു രക്തസ്രാവം ഉണ്ടായത്.

രക്തപുരണ്ട വസ്ത്രം കഴുകിയതായി ജെസ്നയുടെ സഹോദരിയുടെ മൊഴിയുണ്ട്.

ജെസ്ന മരിച്ചതിനു തെളിവു കണ്ടെത്താനായിട്ടില്ല

പിതാവിന്റെ വാദങ്ങൾ

കേസ് ആദ്യം അന്വേഷിച്ച ഡിവൈ.എസ്.പി ചന്ദ്രശേഖരപിള്ളയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് ജെസ്നയുടെ പിതാവിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തെളിവുകൾ ശേഖരിച്ച സി.പി.ഒ ലിജുവിനെ ചോദ്യംചെയ്തില്ല. ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനിൽ നിന്നാണു സി.ബി.ഐ പ്രാഥമിക വിവരങ്ങൾ തേടേണ്ടിയിരുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രാഥമിക അന്വേഷണം മാത്രമാണു ചന്ദ്രശേഖരപിള്ള നടത്തിയതെന്നും വിശദഅന്വേഷണം നടത്തിയ ഉദ്യോഗസ്ഥരോടു വിവരങ്ങൾ തേടിയിരുന്നെന്നും അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.

സി. ബി.ഐയെയും ജെസ്നയുടെ പിതാവിന് വിശ്വാസമില്ലേയെന്ന് കോടതി ചോദിച്ചു. സി.ബി.ഐയെ വിശ്വാസമാണെന്നും തങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ സി. ബി.ഐ അന്വേഷിക്കാത്തതിലെ വീഴ്ച ധരിപ്പിച്ചതാണെന്നും പിതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കാണാതാകുമ്പോൾ

6000രൂപ കൈയിൽ ?

കാണാതായ ദിവസം ജെസ്‌നയുടെ പക്കൽ ആറായിരം രൂപ ഉണ്ടായിരുന്നെന്നും അത് എവിടെ നിന്ന് ലഭിച്ചെന്ന് സി.ബി.ഐ അന്വേഷിച്ചില്ലെന്നും പിതാവ് ആരോപിച്ചു. കരിനിലത്തെ പെട്രോൾ പമ്പിന് സമീപം ജെസ്‌നയെ കണ്ടെന്ന് അവകാശപ്പെട്ട ലോട്ടറി വിൽപ്പനക്കാരനെ സി. ബി.ഐ ചോദ്യം ചെയ്തില്ലെന്നും ആരോപണമുണ്ട്.

Advertisement
Advertisement