കുട്ടി​യെ തട്ടിക്കൊണ്ടുപോയ കേസ്.... മൂന്നാം പ്രതിയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

Saturday 20 April 2024 12:05 AM IST

കൊല്ലം: പൂയപ്പള്ളിയിൽ നിന്നു ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ പരിഗണിക്കും. ഒന്നും രണ്ടും പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ പത്മകുമാറിന്റെയും ഭാര്യ അനിതയുടെയും മകൾ അനുപമയുടെ ജാമ്യഹർജിയാണ് പരിഗണിക്കുന്നത്.

പ്രോസിക്യൂഷൻ ജാമ്യഹർജിയെ എതിർക്കുമെന്നാണ് സൂചന. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച് വിചാരണയിലേക്ക് കടക്കാനിരിക്കുന്ന സാഹചര്യവും ചൂണ്ടിക്കാട്ടും. കുട്ടിയ വൻ ഗൂഢാലോചന നടത്തി പണത്തിനായി തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യം അനുവദിക്കുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി​യേക്കും. അന്വേഷണ സംഘം കേസിന്റെ ഗൗരവം കണക്കിലെടുത്ത് കസ്റ്റഡി വിചാരണ ആവശ്യപ്പെടാനും സാദ്ധ്യതയുണ്ട്. കേസിൽ താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുപമയുടെ ജാമ്യഹർജി.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെട്ടതിന് വധശിക്ഷയോ ജീവപര്യന്തം കഠിന തടവോ ലഭിക്കാവുന്ന ഐ.പി.സി 364 (എ) ആണ് പ്രതികൾക്കെതിരെ ചുമത്തിയുള്ള പ്രധാന കുറ്റം. തട്ടിക്കൊണ്ടുപോകലിനുള്ള ഗൂഢാലോചന നടത്തിയതിന് ഐ.പി.സി 120 ബി, തട്ടിക്കൊണ്ടുപോകാനും കുട്ടിയെ ഉപേക്ഷിക്കാനും ഉപയോഗിച്ച വാഹനങ്ങൾക്ക് വ്യാജ നമ്പർ പ്ലേറ്റ് തയ്യാറാക്കിയതിന് 468, 470, തട്ടിക്കൊണ്ടുപോയതിന് 363, ആറുവയസുകാരിയേയും സഹോദരനേയും ദേഹോപദ്രവം ഏൽപ്പിച്ചതിന് 323, മയക്കുമരുന്ന് നൽകിയതിന് 328 തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബർ 27ന് വൈകിട്ട് 4.30നാണ് സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന ആറുവയസുകാരിയെ കാറിലെത്തിയ മൂന്നംഗ കുടുംബം തട്ടിക്കൊണ്ടുപോയത്. അന്ന് രാത്രി തന്നെ രക്ഷി​താക്കളെ വിളിച്ച് പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പൊലീസ് നാടാകെ വലവിരിച്ചതിനൊപ്പം പൊതുജനങ്ങളും തിരച്ചിലിന് ഇറങ്ങിയതോടെ തട്ടിക്കൊണ്ടുപോകൽ സംഘത്തിന്റെ പദ്ധതി പൊളിഞ്ഞു. തൊട്ടടുത്ത ദിവസം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. ഒളിവിൽ താമസിക്കാൻ പോയ പ്രതികൾ ഡിസംബർ ഒന്നിന് തമിഴ്നാട്ടിൽ നിന്നാണ് പിടിയിലായത്.

Advertisement
Advertisement