എം.ബി.ബി.എസ് : ബി.പി.എൽ സ്കോളർഷിപ്പ് ഇല്ലാതായി

Saturday 20 April 2024 12:09 AM IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന ദരിദ്രകുടുംബങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കായി സർക്കാർ ഏർപ്പെടുത്തിയ ബി.പി.എൽ സ്കോളർഷിപ്പ് ഇല്ലാതായി. എൻ.ആർ.ഐ ക്വോട്ടയിൽ പ്രവേശനം നേടുന്നവരിൽ നിന്ന് ഫീസിനൊപ്പം 5ലക്ഷംരൂപ അധികം ഈടാക്കി സർക്കാരിന്റെ കോർപസ് ഫണ്ടിലേക്ക് മാറ്റിയാണ് സ്കോളർഷിപ്പ് നൽകിയിരുന്നത്. ഇതിൽ സർക്കാർ വിഹിതവുമുണ്ടായിരുന്നു. ഈ ഫണ്ടിൽ നിന്ന് സ്കോളർഷിപ്പ് നൽകാൻ പ്രത്യേക നിയമനിർമ്മാണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തടഞ്ഞതോടെ 2018-19മുതൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് കിട്ടാതായിരുന്നു. നിയമനിർമ്മാണം നടത്തണമെന്ന ഹൈക്കോടതി നിർദ്ദേശം സർക്കാർ അവഗണിച്ചതോടെ, ഇക്കൊല്ലം മുതൽ എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്ന് 5ലക്ഷം ഈടാക്കരുതെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽസെക്രട്ടറി ഉത്തരവിറക്കി. ഇതോടെ, ബി.പി.എൽ സ്കോളർഷിപ്പ് ഇല്ലാതായി.

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മെരിറ്റിൽ പ്രവേശനം ലഭിക്കുന്ന ബി.പി.എൽ കുട്ടികളുടെ 90% ഫീസ് സർക്കാർ വഹിക്കുന്ന പദ്ധതി 2017-18 മുതലാണ് നടപ്പാക്കിയത്. ഇതുസംബന്ധിച്ച സർക്കാരിന്റെ എക്സിക്യുട്ടീവ് ഉത്തരവ് 2020ജൂലായിൽ ഹൈക്കോടതി സ്റ്റേ ചെയ്തു.സ്കോളർഷിപ്പിന് നിയമനിർമ്മാണം നടത്താമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും സർക്കാർ അതിന് മുതിരാതെ, സുപ്രീംകോടതിയിൽ അപ്പീൽനൽകി. പിന്നാലെ സ്കോളർഷിപ്പ് ഫണ്ടിലേക്കുള്ള തുക ഈടാക്കരുതെന്ന് ഉത്തരവുമിറക്കി. സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസിൽ പ്രവേശനം നേടിയ ദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾ ഇതോടെ വഴിയാധാരമായി. 2017-18ൽ പ്രവേശനം നേടിയ 88വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് മുടക്കമില്ലാതെ നൽകുന്നുണ്ട്. ഇതുവരെ 40കോടിയിലേറെ രൂപ സ്കോളർഷിപ്പിനായി ചെലവിട്ടു. ഇനിമുതൽ ഇതും അനിശ്ചിതത്വത്തിലാണ്.

സ്കോളർഷിപ്പ് ലഭിക്കുന്നവർ പഠനത്തിനുശേഷം രണ്ടുവർഷം സർക്കാരിൽ പ്രവർത്തിക്കാമെന്ന് ബോണ്ട് നൽകണം. കളക്ടറാണ് അന്വേഷണം നടത്തി സ്കോളർഷിപ്പിന് ശുപാർശ ചെയ്യേണ്ടത്.

ഗുണം പാവപ്പെട്ടവരുടെ മക്കൾക്ക്

കൂലിവേലക്കാർ, ലോട്ടറി വിൽപ്പനക്കാർ, കർഷക, തയ്യൽ, ബീഡി, തെങ്ങുകയറ്റ,കശുഅണ്ടി, നെയ്ത്ത്, തോട്ടം തൊഴിലാളികൾ, ബാർബർ, ഇരുമ്പുപണിക്കാർ, വഴിയോര കച്ചവടക്കാർ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവരുടെ കുട്ടികൾക്കാണ് സ്കോളർഷിപ്പ് കിട്ടേണ്ടത്.

പോംവഴി നിയമനിർമ്മാണം

സ്കോളർഷിപ്പിനായി പ്രത്യേക നിയമനിർമ്മാണം നടത്തുകയാണ് പോംവഴി. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ പ്രകാരമാണ് സ്കോളർഷിപ്പിനായി കോർപസ് ഫണ്ട് രൂപീകരിച്ചതെന്നും നിയമവിരുദ്ധമല്ലെന്നും സർക്കാർ നിലപാടെടുക്കണം.

നിയമനിർമ്മാണമാവാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. സ്കോളർഷിപ്പിനായി നിയമം കൊണ്ടുവരാതെ എക്സിക്യുട്ടീവ് ഉത്തരവിറക്കിയതാണ് കോടതി റദ്ദാക്കിയത്. അപ്പീൽ വേഗത്തിൽ പരിഗണിക്കാൻ സുപ്രീംകോടതിയിൽ അപേക്ഷിക്കണം.

15ലക്ഷം

ഇക്കൊല്ലം മുതൽ എൻ.ആർ.ഐ ക്വോട്ടയിലെ ഫീസ്

7.65ലക്ഷം

വരെയുള്ള സ്വാശ്രയഫീസ് പാവപ്പെട്ടവർക്ക് അപ്രാപ്യമായതിനാലാണ് സ്കോളർഷിപ്പ്

''സർക്കാർ ഉത്തരവ് ലഭിച്ചു. ഇക്കൊല്ലം മുതൽ ക്രോസ്‌സബ്സിഡി നൽകാനാവില്ല''

-എൻട്രൻസ് കമ്മിഷണറേറ്റ്

Advertisement
Advertisement