താരത്തിളക്കത്തിൽ താമരയ്ക്ക് വോട്ടുതേടി അനിൽ

Friday 19 April 2024 11:40 PM IST

ദേശീയ നേതാവ് മത്സരിക്കുന്നതിന്റെ ഗൗരവത്തോടെയാണ് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം. ഒരു വോട്ടു പോലും ചോർന്ന് പോകരുത്. മറ്റ് മുന്നണികളുടെയും ആരോടും ചായ് വില്ലാത്തവരുടെയും വോട്ടുകൾ താമരക്കുളത്തിലേക്ക് ഒഴുകണം. ബി.ജെ.പി ദേശീയ സെക്രട്ടറിയാണ് സ്ഥാനാർത്ഥി അനിൽ കെ. ആന്റണി. മണ്ഡല പര്യടനത്തിന്റെ ഭാഗമായി താമസം ഓമല്ലൂർ റോഡിലെ സ്വകാര്യ റസിഡൻസിയിൽ. രാവിലെ ഏഴര മുതൽ ചാനൽ പ്രതിനിധികൾ അഭിമുഖത്തിന് കാത്തിരിക്കുന്നു. മുറിയിൽ മുൻ എം. പിയും ബി.ജെ.പി നേതാവുമായ അൽഫോൺസ് കണ്ണന്താനവുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം അനിൽ പുറത്തേക്ക് വന്നു. ഫോണിൽ മെസേജുകൾ നോക്കി ചിലതിന് മറുപടിയിട്ടു.

റിംഗ് റോഡിൽ സ്റ്റേഡിയത്തിന് മുന്നിൽ ദേശീയ ചാനലിന്റെ സഞ്ചരിക്കുന്ന സ്റ്റുഡിയോ. വലിയ ബസാണ്. ഓട്ടോമാറ്റിക് സംവിധാനമുള്ള ബസിന്റെ മുകൾ ഭാഗം തുറന്നു. കസേരയിലിരുന്ന സ്ഥാനാർത്ഥിയും റിപ്പോർട്ടറും ലിഫ്റ്റിൽ ബസിന്റെ മുകളിലെത്തി. കാമറകൾ അനിലിനു നേരെ. പശ്ചാത്തലത്തിൽ ചുട്ടിപ്പാറയും ജില്ലാ സ്റ്റേഡിയവും കാതോലിക്കേറ്റ് കോളേജും നഗരവും കാണാം. ബസിന് മുകളിലരുന്ന് അഭിമുഖം നൽകുന്ന സ്ഥാനാർത്ഥി റോഡിൽ നിന്നവർക്ക് കൗതുക കാഴ്ചയായി.

രാവിലെ ഒൻപതിന് ആങ്ങമൂഴിയിൽ റോഡ് ഷോയായിരുന്നു ഇന്നലത്തെ ആദ്യ പരിപാടി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ. കെ ശശിയും ജില്ലാ സെക്രട്ടറി റോയി മാത്യുവുമാണ് സ്ഥാനാർത്ഥിക്ക് ഒപ്പമുള്ളത്. പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ടപ്പോൾ ഒൻപതു മണി കഴിഞ്ഞു. ആങ്ങമൂഴിയിലേക്ക് ഏകദേശം ഒരുമണിക്കൂർ യാത്ര. ചിറ്റാർ ജംഗ്ഷനിലും സീതത്തോട്ടിലും എൻ.ഡി.എ പ്രവർത്തകർ കൊടികളും കാവി ഷാളുകളുമായി കാത്തുനിൽക്കുന്നു. യാത്രയ്ക്കിടയിൽ ചില വ്യക്തികളുമായി സ്ഥാനാർത്ഥിയുടെ കൂടിക്കാഴ്ച. സീതത്തോട് പാലം ജംഗ്ഷനിൽ നിന്ന് സ്ഥാനാർത്ഥിയെ വരവേറ്റ് ആങ്ങമൂഴിയിലേക്ക് കൊണ്ടുപോകാൻ ബി.ജെ.പി ചിറ്റാർ മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്രായുടെ നേതൃത്വത്തിൽ പ്രവർത്തകർ തയ്യാറാകുന്നു. പത്തേകാലിന് അനിൽ കെ. ആന്റണിയെത്തി. ചെണ്ടമേളം മുഴങ്ങി.

ആങ്ങമൂഴിയിലെത്തിയ സ്ഥാനാർത്ഥിയെ വലിയ ജനക്കൂട്ടം പൊതിഞ്ഞു. പ്രദേശിക നേതാവിന്റെ പ്രസംഗം തുടരുന്നതിനിടെ പ്രഭാത ഭക്ഷണത്തിനായി ഗവി റോഡിൽ കൊച്ചാണ്ടി പുതുപ്പറമ്പിൽ സുശീലന്റെ വീട്ടിലെത്തി. സേവാഭാരതി ജില്ലാ എക്സിക്യൂട്ടീവ് അംഗമായ സുശീലന്റെ ഭാര്യ അമ്പിളിയും മകൾ സൂര്യയും ആരതിയുഴിഞ്ഞ് വീട്ടിലേക്ക് സ്വീകരിച്ചു. കപ്പയും ചേമ്പും പുഴുങ്ങിയത് റെഡി. ചമ്മന്തിയും കോഴിക്കറിയുമുണ്ട്. ഡൽഹിയിൽ താമസിക്കുമ്പോഴുള്ള ഭക്ഷണ ശീലം ഇവിടെയെത്തിയപ്പോൾ മാറി. തിരികെ ആങ്ങമൂഴിയിലെ സ്വീകരണ കേന്ദ്രത്തിൽ എത്തിയപ്പോൾ പതിനൊന്നായി സമയം. പുഷ്പവൃഷ്ടി നടത്തിയും മാലയിട്ടും സ്ഥാനാർത്ഥിയ്ക്ക് വിജയാശംസ നേരാൻ നിരവധിയാളുകൾ. '' ഒരു എം.പിയെ തിരഞ്ഞെടുക്കാനുള്ള മത്സരമല്ലിത്. അടുത്ത അഞ്ച് വർഷവും മോദി ഇന്ത്യ ഭരിക്കാനുള്ള വോട്ടെടുപ്പാണ്. നാനൂറ് സീറ്റുകളാണ് ലക്ഷ്യം. അതിലൊന്നാകാണം പത്തനംതിട്ട. അതിന് താമര ചിഹ്നത്തിൽ എന്നെ വിജയിപ്പിക്കണം. സ്വീകരണം നൽകിയ എല്ലാവർക്കും നന്ദി '' - സ്ഥാനാർത്ഥിയുടെ പ്രസംഗം ഇത്രമാത്രം.

സംഘടനാപരമായി സംഘപരിവാറിന്റെ ശക്തികേന്ദ്രങ്ങളാണ് സീതത്തോട്, ചിറ്റാർ മേഖലകൾ. അതിന്റെ ആരവങ്ങൾ സ്വീകരണ കേന്ദ്രങ്ങളിലുണ്ടായിരുന്നു. സീതത്തോട്ടിലേക്ക് സ്ഥാനാർത്ഥിയെത്തിയത് നൂറോളം ബൈക്കുകളുടെയും കാറുകളുടെയും അകമ്പടിയിലാണ്. ജംഗ്ഷനിലെ ആൾക്കൂട്ടം ഗതാഗതക്കുരുക്കിന് ഇടയായപ്പോൾ നേതാക്കളെത്തി വാഹനങ്ങൾക്ക് വഴിയൊരുക്കി. മണക്കയത്ത് ശബരിമല പാതയിലേക്കുള്ള പ്രവേശന കവാടത്തിലായിരുന്നു സ്വീകരണം. കേന്ദ്രസർക്കാർ പദ്ധതിയുടെ പ്രയോജനം നാടിന് ലഭിച്ചുവെന്ന് റോഡ് ചൂണ്ടിക്കാട്ടി നേതാക്കളുടെ പ്രസംഗം. ചിറ്റാർ ജംഗ്ഷനിലും ഉജ്ജ്വല സ്വീകരണം. തണ്ണിത്തോട്ടിലെയും തേക്കുതോട്ടിലെയും സീകരണം കഴിഞ്ഞപ്പോഴക്കും വൈകുന്നേരമായി. ഉച്ചയൂണ് ഒരുക്കിയ എലുമുള്ളുംപ്ളാക്കലിൽ എത്തിയപ്പോൾ അഞ്ചരയായി. വെട്ടൂരിലും മലയാലപ്പുഴയിലും മേക്കൊഴൂരും സ്വീകരണം കഴിഞ്ഞ് രാത്രിയിൽ മൈലപ്രായിലായിരുന്നു സമാപനം.

----------------

സ്ഥാനാർത്ഥിയോട്

? വിജയസാദ്ധ്യതകൾ=

മോദിയുടെ പത്ത് വർഷത്തെ പ്രവർത്തന നേട്ടങ്ങൾ ജനങ്ങളുടെ മനസിലുണ്ട്. ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കാനുള്ള പദ്ധതികൾ അടുത്ത അഞ്ചു വർഷം കൊണ്ടു നടപ്പാക്കാനുള്ള മോദി ഗ്യാരണ്ടിയാണ് എൻ.ഡി.എ മന്നോട്ടുവയ്ക്കുന്നത്. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ മെച്ചപ്പെട്ട ജീവിത സാഹരചര്യം നേടിയ പതിനായിരങ്ങൾ ഇൗ മണ്ഡലത്തിലുണ്ട്. ജില്ലയ്ക്ക് ഒട്ടേറെ വികസന പദ്ധതികൾ എൻ.ഡി.എ പുറത്തിറക്കിയ പ്രകടന പത്രികയിലുണ്ട്. നടപ്പാക്കാനാവുമെന്ന് ഗ്യാരണ്ടിയുള്ളവ തന്നെ.

? പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം

വലിയ ഭൂരിപക്ഷം ലഭിക്കും. വിജയമാണ് പ്രധാനം. കഴിഞ്ഞ പതിനഞ്ച് വർഷം മണ്ഡലത്തിന് എന്ത് വികസന നേട്ടമുണ്ടായെന്ന് വോട്ടർമാർ ചിന്തിക്കും. മലയോര മേഖലയിലും കാർഷിക രംഗത്തും നിരവധിയാളുകൾ നിരാശയിലാണ്. എട്ട് വർഷമായി സംസ്ഥാനത്തെ ദുർഭരണം സഹിക്കേണ്ടി വരുന്ന ജനതയും ഇക്കുറി എൻ.ഡി.എയെ പ്രതീക്ഷയോടെ കാണുന്നു. തകർന്ന ഗ്രാമീണ പാതകളും കേന്ദ്രഫണ്ട് കൊണ്ട് നിർമ്മിച്ച മികച്ച ദേശീയ പാതകളും നമുക്ക് ഇവിടെ കാണാം. എന്താണ് ഇതിനു കാരണങ്ങളെന്ന് ജനത്തിനറിയാം.

Advertisement
Advertisement