യുദ്ധ ഭീതി ഒഴിഞ്ഞതോടെ ഓഹരികളിൽ കുതിപ്പ്

Saturday 20 April 2024 12:43 AM IST

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഒഴിഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തകർച്ചയിൽ നിന്ന് ശക്തമായി തിരിച്ചുകയറി. ഇറാനെതിരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വിപണികൾ കനത്ത തകർച്ച നേരിട്ടത്. എന്നാൽ തിരക്കിട്ട് തിരിച്ചടിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ നിക്ഷേപകർ വീണ്ടും വിപണിയിൽ സജീവമായി. ഇതോടൊപ്പം ഏപ്രിലിലെ കോൺട്രാക്ട് അവസാനിക്കുന്നതിന് മുന്നോടിയായി വിദേശ ധനകാര്യ സ്ഥാപനങ്ങൾ നടത്തിയ ഷോർട്ട് കവറിംഗും വിപണിക്ക് ഗുണമായി. ഇന്നലെ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 599 പോയിന്റ് നേട്ടവുമായി 73,088ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 151.15 പോയിന്റ് ഉയർന്ന് 22,147ൽ വ്യാപാരം പൂർത്തിയാക്കി. അതേസമയം ഓഹരി വിപണിയിലെ ചാഞ്ചാട്ടം ശക്തമായി തുടരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ബാങ്കിംഗ്, ധനകാര്യ മേഖലയിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.

ആഗോള അനിശ്ചിതത്വങ്ങൾ മൂലം യു. എസിലെ ബോണ്ടുകളുടെ മൂല്യം കുതിച്ചുയർന്നതിനാൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകും

വി. കെ വിജയകുമാർ

ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്

ജിയോജിത് സെക്യൂരിറ്റീസ്

എണ്ണ വില തിരിച്ചിറങ്ങി

ഇറാനെതിരെ ഇസ്രയേൽ ആക്രമണം നടത്തിയെന്ന വാർത്തകളെ തുടർന്ന് 90 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്ന ക്രൂഡോയിൽ വില തിരിച്ചിറങ്ങി. സംഘർഷം ശക്തമാക്കുന്ന നടപടികൾക്കില്ലെന്ന ഇറാന്റെ നിലപാടാണ് എണ്ണ വിപണിക്ക് ആശ്വാസം പകർന്നത്. ഇതോടെ ക്രൂഡ് വില 87 ഡോളറിലേക്ക് താഴ്ന്നു.

റെക്കാഡ് പുതുക്കി സ്വർണ വില

പവൻ വില@54,520

പശ്ചിമേഷ്യയിൽ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ കേരളത്തിൽ സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങി. പവൻ വില 400 രൂപ വർദ്ധിച്ച് 54,520 രൂപയിലെത്തി. ഗ്രാമിന്റെ വില 50 രൂപ ഉയർന്ന് 6,815 രൂപയിലെത്തി. ഇറാനെതിരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയെന്ന വാർത്തകളെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2417 ഡോളറിന് മുകളിലെത്തിയിരുന്നു. എന്നാൽ ആക്രമണ വാർത്തകൾ ഇറാൻ നിഷേധിച്ചതോടെ വില വീണ്ടും 2.390 ഡോളറിലേക്ക് താഴ്ന്നു.

Advertisement
Advertisement