മോഷ്ടാക്കൾ സഞ്ചരിച്ച കാറും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു: 3 പേർ ഓടി രക്ഷപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ

Saturday 20 April 2024 12:52 AM IST
മോഷ്ടാക്കൾ സഞ്ചരിച്ച കാറും പൊലീസ് ജീപ്പും നേർക്കുനേർ കൂട്ടിയിടിച്ച നിലയിൽ

കുന്നത്തൂർ : മോഷ്ടാക്കൾ സഞ്ചരിച്ച കാറും പൊലീസ് ജീപ്പും നേർക്കുനേർ കൂട്ടിയിടിച്ചു. അപകടത്തിൽ പൊലീസ് ജീപ്പിന്റെ ബമ്പർ ഭാഗവും മോഷ്ടാക്കൾ സഞ്ചരിച്ച കാർ ഭാഗികമായും തകർന്നു. കാറിൽ ഉണ്ടായിരുന്ന 4 യുവാക്കളിൽ 3 പേർ ഓടി രക്ഷപ്പെട്ടു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.എറണാകുളം സ്വദേശി ജിത്തുവാണ് പിടിയിലായത്.ഇയാൾക്ക് മോഷണവുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതികളിൽ ഒരാളെ പിന്നീട് അടൂരിൽ നിന്ന് പിടികൂടി. പ്രായപൂർത്തിയാകാത്ത കുന്നത്തൂർ ലക്ഷം വീട് സ്വദേശിയാണ് പിടിയിലായത്. കുന്നത്തൂർ പനന്തോപ്പ് ജംഗ്‌ഷനിൽ വെള്ളിയാഴ്ച പകൽ 2 കഴിഞ്ഞാണ് സംഭവം. ഏനാത്ത് സ്റ്റേഷൻ പരിധിയിൽ നടന്ന നിരവധി വാഹന മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് സംഭവം നടന്നത്. മോഷണവുമായി ബന്ധപ്പെട്ട് ലഭിച്ച നിരീക്ഷണ കാമറാദൃശ്യങ്ങളിൽ പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു.തൃക്കണ്ണാപുരം ക്ഷേത്രം റോഡിലൂടെ മോഷ്ടാക്കൾ സഞ്ചരിച്ച വാഹനത്തിന് പിന്നാലെ മഫ്തിയിൽ ഏനാത്ത് സ്റ്റേഷനിലെ പൊലീസുകാരനും കാറിൽ പിന്തുടർന്നു. പനന്തോപ്പിലെത്തി ഏഴാംമൈൽ ഭാഗത്തേക്ക് ഇരു വാഹനങ്ങളും വേഗതയിൽ പായുന്നതിനിടെ എതിർദിശയിൽ നിന്ന് ഏനാത്ത് സി.ഐ ജി.വിഷ്ണുവിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് ജീപ്പ് റോഡിൽ മദ്ധ്യഭാഗത്തിട്ട് തടയാൻ ശ്രമിച്ചു. വെട്ടിച്ച് കടന്നുപോകാൻ ശ്രമിക്കവേയാണ് മോഷ്ടാക്കളുടെ വാഹനം ജീപ്പിന്റെ വലതു ഭാഗത്ത് ഇടിച്ചു നിന്നത്.

Advertisement
Advertisement