ഐ.സി.യു പീഡനക്കേസ്: അതിജീവിതയുടെ സമരം മൂന്നാംദിവസത്തിലേക്ക്

Saturday 20 April 2024 12:25 AM IST
മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിൽ മൊഴിയെടുത്ത ഡോക്ടർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ ആരംഭിച്ച കുത്തിയിരിപ്പുസമരം

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിൽ മൊഴിയെടുത്ത ഡോക്ടർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ ആരംഭിച്ച കുത്തിയിരിപ്പുസമരം രണ്ട് ദിവസം പിന്നിട്ടു. ‘നീതി നൽകുക’ എന്നെഴുതിയ ബോർഡ് പിടിച്ചു മുഖംമറച്ചാണ് തിരക്കേറിയ തെരുവോരത്ത് അതിജീവിത ഇരിക്കുന്നത്. രാവിലെ മുതൽ വെെകീട്ട് വരെ സമരമിരിക്കുമ്പോഴും പൊലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇന്നലെ എഡി.ജി.പി അർഷിത അട്ടല്ലൂരിയുമായി അതിജീവിത ഫോണിൽ സംസാരിച്ചു. വിഷയത്തിൽ ഇടപെടാമെന്നും സഹായിക്കാൻ ശ്രമിക്കുമെന്നും അവർ അതിജീവിതയ്ക്ക് ഉറപ്പ് നൽകി. അതേ സമയം സിറ്റി പൊലീസ് കമ്മിഷണറെ കാണാൻ ശ്രമിച്ച അതിജീവിതയ്ക്ക് നിരാശയായിരുന്നു ഫലം. വേണമെങ്കിൽ അവർ മാത്രം വരട്ടെയെന്നും
ബാനർ അഴിച്ചു മാറ്റുവാനുമാണ് കമ്മിഷണറുടെ ഉത്തരവ്. എന്നാൽ ബാനർ അഴിക്കില്ലെന്നും പൊലീസിൽ നിന്ന് റിപ്പോർട്ട് കിട്ടുംവരെ സമരം തുടരുമെന്നും അതിജീവിത വ്യക്തമാക്കി.

സംഭവത്തെത്തുടർന്ന് ഡോ.കെ.വി. പ്രീതയാണ് അതിജീവിതയിൽ നിന്ന് മൊഴിയെടുത്തത്. എന്നാൽ, താൻ പറഞ്ഞ പലകാര്യങ്ങളും ഡോക്ടർ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അതിജീവിത പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു മെഡി. കോളേജ് എ.സി.പി കെ.സുദർശൻ കമ്മിഷണർക്ക് നൽകിയ അന്വേഷണ റിപ്പോർട്ട്. ഇതിന്റെ പകർപ്പാണ് ആവശ്യപ്പെട്ടത്. വിവരാവകാശപ്രകാരം അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചില്ല. പകർപ്പ് ആവശ്യപ്പെട്ട് രണ്ടുദിവസം മുമ്പ് കമ്മിഷണർ ഓഫീസിലും നേരിട്ട് എത്തിയിരുന്നു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കണമെങ്കിൽ റിപ്പോർട്ട് ആവശ്യമാണെന്നും കേസ് മുന്നോട്ടുപോകാത്തത് രാഷ്ട്രീയ ഇടപെടൽ കൊണ്ടാണെന്നും അതിജീവിത പറഞ്ഞു.

Advertisement
Advertisement