ജയിച്ചെങ്കിലും ലിവർ പുറത്ത്

Saturday 20 April 2024 7:07 AM IST

ബെർഗാമോ: യൂറോപ്പ ലീഗിൽ രണ്ടാം പാദ ക്വാർട്ടറിൽ ഇറ്റാലിയൻ ക്ലബ് അ‌റ്റ്ലാന്റയോട് ഏകപക്ഷീയമായ ഒരുഗോളിന് ജയിച്ചെങ്കിലും ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളിന് സെമിയിലെത്താൻ അത് പോരായിരുന്നു. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ ആദ്യ പാദത്തിൽ നേടിയ 3-0ത്തിന്റെ ജയത്തിന്റെ പിൻബലത്തിൽ അറ്റ്‌ലാന്റെ സെമി ഉറപ്പിച്ചു. ഇരുപാദങ്ങളിലുമായി 3-1നാണ് അറ്റ്ലാന്റയുടെ ജയം. രണ്ടാംപാദത്തിൽ 4-3നെങ്കിലും അറ്റ്‌ലാന്റയെ കീഴടക്കിയിരുന്നെങ്കിലെ ലിവറിന് സെമി ഉറപ്പിക്കാനാകുമായിരുന്നുള്ളൂ. രണ്ടാം പാദത്തിൽ ഏഴാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് മൊഹമ്മദ് സലയാണ് ലിവറിനായി സ്കോർ ചെയ്തത്.

ഓൾ ഇറ്റലി ക്വാർട്ടറിൽ എ.സ് റോമ രണ്ടാം പാദത്തിൽ എ.സി മിലാനെതിരെ 2-1ന്റെ ജയം നേടി സെമിയിലെത്തി. മിലാന്റെ തട്ടകത്തിൽ നടന്ന ഒന്നാം പാദത്തിൽ റോമ 1-0ത്തിന് ജയിച്ചിരുന്നു. മാൻസീനിയും ഡിബാലയുമാണ് റോമയ്ക്കായി രണ്ടാം പാദത്തിൽ സ്കോർ ചെയ്തത്. ഗാബിയ മിലാനായി ഒരുഗോൾ മടക്കി. ചെലിക്ക് 31-ാംമിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരായി ചുരുങ്ങിയെങ്കിലും പതറാതെ പൊരുതി റോമ വിജയം നേടുകയായിരുന്നു.സംഘർഷവുമുണ്ടായ പോരാട്ടത്തിൽ വെസ്റ്റ് ഹാമിനോട് 1-1ന് സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യ പാദത്തിൽ നേടിയ 2-0ത്തിന്റെ ജയത്തിന്റെ പിൻബലത്തിൽ ജർമ്മൻ ചാമ്പ്യൻമാരായ ബയേർ ലെവർകുസനും സെമിയിലെത്തി. ബെൻഫിക്കയെ വീഴത്തി മാഴ്ലയും അവസാന നാലിൽ ഇടം നേടി.

നോ ഇംഗ്ലീഷ്

ഈ സീസണിൽ യൂറോപ്പിലെ 2 പ്രധാന വൻകര ക്ലബ് പോരാട്ടങ്ങളുടെ സെമിയിൽ പോലും എത്താൻ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ ലീഗായ ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ ഒരു ടീമിനും കഴിഞ്ഞില്ല.

ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും ക്വാർട്ടറിൽ എത്തിയെങ്കിലും തോറ്റു. യൂറോപ്പയിൽ ക്വാർട്ടറിൽ എത്തിയ ലിവർപൂളും വെസ്റ്റ്ഹാമും പുറത്തായി.

സെമി ലൈനപ്പ്

ലെവർകുസൻ - റോമ

അറ്റ്‌ലാന്റ -മാഴ്സ

Advertisement
Advertisement