ലക്നൗ വീണ്ടും സൂപ്പറായി

Saturday 20 April 2024 7:12 AM IST

ലക്നൗ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ലക്നൗ സൂപ്പർ ജയ്‌ന്റ്സ് വിജയവഴിയിൽ തിരിച്ചെത്തി.

രവീന്ദ്ര ജഡേജയുടെ അർദ്ധ സെഞ്ച്വറിയുടേയും (പുറത്താകാതെ 57), ഇതിഹാസ താരം എം.എസ് ധോണിയുടെ (പുറത്താകാതെ 9 പന്തിൽ 28) മിന്നാലാക്രമണത്തിന്റെയും പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടിക്കിറങ്ങിയ. ലക്നൗ ഓപ്പണർമാരായ ക്യാപ്ടൻ കെ.എൽ രാഹുലിന്റെയും ( 53 പന്തിൽ 82), ക്വിന്റൺ ഡി കോക്കിന്റെയും (54) അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ ഒരോവർ ബാക്കിനിൽക്കെ പ്രശ്നമില്ലാതെ വിജയലക്ഷ്യത്തിലെത്തി (180/2). ഇരുവരും 15 ഓവറിൽ 134 റൺസിന്റെ കൂട്ടുകെട്ടണ്ടാക്കി ടീമിന്റെ വിജയത്തിന് അടിത്തറയിട്ടു. ഡി കോക്കിനെ പുറത്താക്കി മുസ്തഫിസുർ റഹ്മാനാണ് കൂട്ടുകെട്ട് പൊളിച്ചത്. രാഹുൽ 9 ഫോറും 3 സിക്സും ഡി കോക്ക് 5 ഫോറും 1 സിക്സും നേടി. നിക്കോളാസ് പുരാനും (12 പന്തിൽ 23), സ്റ്റോയിനിസും (8) പുറത്താകാതെ നിന്നു.

സീസണിൽ മികച്ച ഫോമിലുള്ല ധോണിയുടെ അവസാന ഓവറുകളിലെ വമ്പനടിയാണ് ചെന്നൈയെ 170 കടത്തിയത്. 2 സിക്സും 3 ഫോറും ധോണിയുടെ ബാറ്റിൽ നിന്ന് അതിർത്തിയിലേക്ക് പറന്നു. നാലാമനായി ഇറങ്ങിയ ജഡേജ 40 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെയാണ് 57 റൺസെടുത്തത്. മോയിൻ അലി (30), അജിങ്ക്യ രഹാനെ(36) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ക്രുനാൽ പാണ്ഡ്യ ലക്നൗവിനായി 2 വിക്കറ്റ് വീഴ്‌ത്തി. പോയിന്റ് ടേബിളിൽ ലക്നൗ അഞ്ചാമതും ചെന്നൈ മൂന്നമതുമാണ്.

Advertisement
Advertisement