തൃശൂർ പൂരം; പ്രതിസന്ധി ഒഴിയുന്നു, പാറമേക്കാവും തിരുവമ്പാടിയും വെടിക്കെട്ട് നടത്തി
തൃശൂർ: പൊലീസുമായുള്ള തർക്കത്തെ തുടർന്ന് നിർത്തിവച്ച തൃശൂർ പൂരം വെടിക്കെട്ട് നടത്തി. ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ദേവസ്വങ്ങൾ സമ്മതിച്ചത്. 7.15ഓടെയാണ് പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ആരംഭിച്ചത്. പിന്നാലെ തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തി. മന്ത്രി കെ രാജൻ നടത്തിയ ചർച്ചയിലാണ് പ്രശ്‌നങ്ങൾ ഒത്തുതീർപ്പായത്.
പൊലീസ് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയതോടെ, കേട്ടുകേൾവിയില്ലാത്ത പ്രതിസന്ധിക്കാണ് പൂരനഗരി സാക്ഷ്യം വഹിച്ചത്. തിരുവമ്പാടി ദേവസ്വം നിലപാട് കടുപ്പിച്ചതോടെ, മൂന്നരയ്ക്ക് നിശ്ചയിച്ച പൂരം വെടിക്കെട്ട് മുടങ്ങി. മഠത്തിൽ വരവ് പാതിയിൽ നിർത്തിവച്ചു. അലങ്കാര പന്തലിലെ ലൈറ്റ് ഉൾപ്പെടെ അണച്ചായിരുന്നു തിരുവമ്പാടിയുടെ പ്രതിഷേധം.
സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു എന്നും തിരുവമ്പാടി ആരോപിക്കുന്നു. തുടർന്ന് തിരുവമ്പാടിയുടെ രാത്രി എഴുന്നളളിപ്പ് നിർത്തിവച്ചു. വെടിക്കെട്ട് സ്ഥലത്ത് നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 175 പേർക്ക് മാത്രം പ്രവേശനമെന്നും പൊലീസ് നിർദ്ദേശിച്ചു. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേർ പൂര പറമ്പിൽ വേണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു.
പ്രതിസന്ധിയെ തുടർന്ന് തിരുവമ്പാടിയുടെ രാത്രിയിലെ മഠത്തിൽ വരവ് നിർത്തിവച്ചു. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കിയായിരുന്നു തിരുവമ്പാടിയുടെ പ്രതിഷേധം. പൊലീസ് നടപടി പതിവില്ലാത്തതെന്ന് തിരുവമ്പാടി പറഞ്ഞു. പൂരപ്പറമ്പിൽ പൊലീസ് രാജെന്നായിരുന്നു ദേശക്കാരുടെ പരാതി. വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്. പൊലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്.