കേരളത്തെ ചൂഷണം ചെയ്ത് തമിഴ്‌നാട് - കർണാടക ലോബികൾ, നേടുന്നത് ലക്ഷങ്ങളുടെ ലാഭം

Saturday 20 April 2024 10:28 AM IST

കോട്ടയം: വീട് നിർമ്മാണത്തിനുള്ള തടിക്ക് ഡിമാന്റ് കുറഞ്ഞതോടെ ചൂഷണവുമായി അന്യസംസ്ഥാന ലോബി. അടിവണ്ണം നോക്കി വില നിശ്ചയിച്ചിരുന്നതിന് പകരം അന്യസംസ്ഥാന കച്ചവടക്കാർ തൂക്കം നോക്കി മരത്തിന് വിലയിട്ടാണ് കേരളത്തിലെ കർഷകരെ ചൂഷണം ചെയ്യുന്നത്. കേരളത്തിൽ വീട് നിർമ്മാണത്തിന് തേക്ക്,ആഞ്ഞിലി,പ്ലാവ് എന്നിവയാണ് പരമ്പരാഗതമായി ഉപയോഗിച്ചിരുന്നത്. എന്നാൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ തടിക്ക് പുറമേ കോൺക്രീറ്റ്, ഫൈബർ, സ്റ്റീൽ കട്ടിളയും കതകും ജനലും കേരളത്തിൽ വ്യാപകമായതോടെ കേരളത്തിൽ ആഞ്ഞിലി ഉൾപ്പെടെയുള്ള മരങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു.

ഇതു മനസിലാക്കിയാണ് ഇഞ്ചു വണ്ണത്തിനു പകരം ടൺ കണക്കാക്കിയുള്ള കച്ചവടവുമായി തമിഴ്‌നാട്, കർണാടക ലോബി പിടിമുറുക്കിയത്.തടി വെട്ടി അറുത്ത് ഉരുപ്പടിയാക്കുന്നതിനുള്ള കൂലിചെലവ് കണക്കിലെടുത്താണ് തടിക്ക് പകരം വില കുറഞ്ഞ കോൺക്രീറ്റ് സ്റ്റീൽ ഉത്പന്നങ്ങളിലേക്ക് കേരളത്തിലെ ബിൽഡേഴ്‌സ് മാറിയത്. കെട്ടിടനിർമ്മാണ മേഖലയിലെ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെ ഇവയാണ് കൂടുതൽ ഉപയോഗിക്കുന്നത്.

കർഷകർക്ക് നഷ്ടം, അവർക്ക് ലാഭക്കൊയ്ത്ത്

അയൽസംസ്ഥാനങ്ങളിൽ ഇപ്പോഴും തടിയാണ് കെട്ടിടനിർമ്മാണത്തിന് കൂടുതലായി ഉപയോഗിക്കുന്നത്. കേരളത്തിൽ മരത്തിന് ഡിമാൻഡ് കുറഞ്ഞത് മനസിലാക്കിയാണ് ടൺകണക്കിനുള്ള വില്പന അന്യസംസ്ഥാനലോബി നടത്തുന്നത്. 70-80 ഇഞ്ച് വണ്ണത്തിൽ കൂടുതലുള്ള തേക്കിന് സ്കൊയർ ഫീറ്റ് 5000 രൂപയ്ക്ക് മുകളിലാണ് വില ഉണ്ടായിരുന്നത്. ഇത് 4000ത്തിലേക്ക് താഴ്ന്നു. പ്ലാവ് ,ആഞ്ഞിലി എന്നിവയ്ക്ക് 3000-3500 രൂപയാണ് വില ഉണ്ടായിരുന്നത്. ഇത് 2000-2500 രൂപ വരെയായി.വണ്ണത്തിനു പകരം തൂക്കംനോക്കിയുള്ള വിലയിടീൽ കർഷകർക്ക് വലിയ നഷ്ടമാണുണ്ടാകുന്നത്.

  1. വിലനിലവാരം ഇങ്ങനെ (തമിഴ്നാട് കച്ചവടക്കാർ)

  • 50 ഇഞ്ച് വണ്ണമുള്ള തേക്ക് ടണ്ണിന്: 24000 രൂപ
  • 50 ഇഞ്ചിനു മുകളിൽ: 28000 രൂപ
  • പ്ലാവ് 50 ഇഞ്ചിനു മുകളിൽ ടണ്ണിന്: 18000 രൂപ
  • ആഞ്ഞിലി 50 ഇഞ്ചിനു മുകളിൽ ടണ്ണിന്: 9000 രൂപ
  • മഹാഗണി 50 ഇഞ്ചിനു മുകളിൽ: 12000 രൂപ
Advertisement
Advertisement