ചവറുകൂനയിൽ പാമ്പിനെ നായ കാണിച്ചുകൊടുത്തു; വാവ നോക്കി നിൽക്കവേ രക്തം ഛർദിച്ച് മൂർഖൻ

Saturday 20 April 2024 12:38 PM IST

തിരുവനന്തപുരം ജില്ലയിലെ അമ്പലത്തറക്ക് സമീപത്തുള്ള വീട്ടിലാണ് പുതിയ അതിഥിയെ പിടികൂടാൻ വാവ സുരേഷും സംഘവും എത്തിയത്. വീട്ടിൽ വീട്ടുടമ ടി വി കണ്ട് കൊണ്ടിരുന്നപ്പോൾ പുറത്ത് നായയുടെ ഉച്ചത്തിലുള്ള കുര കേട്ടു. തുടർന്ന് പുറത്ത് നോക്കുമ്പോൾ കണ്ടത് ഒരു വലിയ മൂർഖൻ പാമ്പ് നായയുടെ മുന്നിലൂടെ ഇഴഞ്ഞ് പോകുന്നതാണ്. പിന്നെ അത് അവിടെയുള്ള ചപ്പുചവറുകൾക്ക് അടിയിലേക്ക് കയറി.

ഉടൻ തന്നെ വീട്ടുകാർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. ഒരാഴ്ചയ്ക്ക് മുൻപും ഈ പാമ്പ് ഇവിടെ വന്നതായി ഉടമ പറഞ്ഞു. അന്നും ഇതുപോലെ നായ കുരച്ചെന്നും പാമ്പിന്റെ വാൽ കണ്ടെന്നും ഉടമ വ്യക്തമാക്കി. രണ്ട് കീരി ഈ വീടിന്റെ പരിസരത്ത് ഉള്ളതിനാൽ അധികം സമയം പാമ്പ് ഇവിടെ നിൽക്കില്ലെന്നും നാട്ടുകാർ പറയുന്നു.

സ്ഥലത്ത് എത്തിയ വാവാ സുരേഷ് ചവറുകൾ മാറ്റിയപ്പോൾ അതിനുള്ളിൽ പാമ്പിനെ കണ്ടു. നല്ല അവശതയിലാണെന്നും പാമ്പിന് എന്തോ അപകടം പറ്റിയിട്ടുണ്ടെന്നും വാവ പറഞ്ഞു. ഈ സമയത്ത് കടികിട്ടിയാൽ വളരെ അപകടമാണ്. പാമ്പിന്റെ ശരീരത്തിൽ മുറിവ് ഉണ്ടായിരുന്നു. വാവാ പതുക്കെ പാമ്പിനെ പിടികൂടി വെള്ളം നൽകി.

അവശതയിലുള്ള മൂർഖൻ വെള്ളം കുടിക്കുന്നത് കണ്ട് എല്ലാവരുടെയും മുഖം ഒന്ന് വാടി. അത് ജീവന് വേണ്ടി പോരാടുകയാണ്. 50ശതമാനം മാത്രമേ രക്ഷപ്പെടാൻ സാദ്ധ്യതയുള്ളുവെന്ന് വാവ സുരേഷ് പറഞ്ഞു. ഇതിനിടയിൽ മൂർഖൻ പാമ്പ് രക്തം ഛർദിച്ചു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.