കളമശേരി ബോംബ് സ്ഫോടനം: കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും

Sunday 21 April 2024 12:22 AM IST

കൊച്ചി: കേരളത്തെ നടുക്കിയ കളമശേരി സ്ഫോടന കേസിൽ പ്രത്യേക അന്വേഷണ സംഘം ഈ ആഴ്ച കുറ്റപത്രം സമർപ്പിക്കും. ദേശീയ ശ്രദ്ധയാകർഷിച്ച കേസിൽ തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി. യു.എ.പി.എ, സ്ഫോടക വസ്തു നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രം സമർപ്പിക്കാൻ അടുത്തദിവസം പ്രോസിക്യൂഷൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

തീവ്രവാദ സ്വഭാവമുള്ള കേസുകളിൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് പ്രോസിക്യൂഷൻ അംഗീകാരം വേണം. കഴിഞ്ഞ ആഴ്ച കുറ്റപത്രവും മറ്റ് രേഖകളും തിരുവനന്തപുരത്തെത്തിച്ചു. മാർട്ടിന് നിയമപരമായ ജാമ്യം ലഭിക്കാനുള്ള 180 ദിവസത്തെ സമയപരിധി 26ന് അവസാനിക്കും.

ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കൺവൻഷൻ സെന്ററിൽ സ്‌ഫോടനം. യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്ത ഒരുകുടുംത്തിലെ മൂന്നുപേരുൾപ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേർക്ക് പരിക്കേറ്റു.

യഹോവ സാക്ഷികൾ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും തന്റെ നിർദ്ദേശങ്ങൾ തള്ളിക്കള‍ഞ്ഞതിലുമുള്ള പകയാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.

സ്ഫോടനം നടത്തിയശേഷം സ്ഥലംവിട്ട ഡൊമിനിക് മാർട്ടിൻ ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. പിന്നീട് കൊടകര പൊലീസിൽ കീഴടങ്ങി. ബാഹ്യ പ്രേരണ ലഭിച്ചിട്ടുണ്ടോയെന്നടക്കം അന്വേഷിച്ചെങ്കിലും ഇയാൾക്ക് മാത്രമേ പങ്കുള്ളൂവെന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നു.

ആദ്യം മൂന്ന്, പിന്നെ എട്ട്
സ്‌ഫോടത്തിൽ ആദ്യം മൂന്ന് പേരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർ പിന്നീട് മരണത്തിന് കീഴടങ്ങി. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. രണ്ട് മാസം മുമ്പേ സ്‌ഫോടനത്തിനായി മാർട്ടിൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. സ്‌ഫോടനങ്ങളെക്കുറിച്ചുള്ള സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറി (എസ്.എഫ്.എസ്.എൽ) റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്.

പൊലീസ് കണ്ടെത്തലുകൾ
ബോംബ് നിർമ്മാണം യൂട്യൂബിലൂടെ പഠിച്ചു
ബോംബ് നിർമ്മിച്ചത് സ്ഫോടനത്തിന്റെ തലേന്ന്
പുലർച്ചെ അഞ്ചരയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങി
രാവിലെ ഏഴരയ്ക്ക് കൺവൻഷൻ സെന്ററിൽ
കസേരകൾക്കിടയിലാണ് ബോംബ് വച്ചത്
ആഘാതംകൂടാൻ പെട്രോൾ ക്യാനും ഒപ്പംവച്ചു

Advertisement
Advertisement