ഐപിഎല്ലിൽ പെരുമാറ്റച്ചട്ട ലംഘനം, ടിം ഡേവിഡിനും കിറോൺ പൊളളാർഡിനും പിഴ
മുംബയ്: മുംബയ് ഇന്ത്യൻസ് ബാറ്റർ ടിം ഡേവിഡിനും ബാറ്റിംഗ് പരിശീലകനായ കിറോൺ പൊളളാർഡിനും ഐപിഎല്ലിൽ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിൽ പിഴ ചുമത്തി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഇരുവരും ആരോപണങ്ങൾ അംഗീകരിച്ചതിന് പിന്നാലെയാണ് മാച്ച് ഫീയുടെ 20 ശതമാനം പിഴയായി ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ നടന്ന സംഭവത്തെ തുടർന്നാണ് നടപടി. മത്സരത്തിൽ മുംബയ് പഞ്ചാബിനെതിരെ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
പതിനഞ്ചാം ഓവർ എറിഞ്ഞ അർഷ്ദീപ് സിംഗിന്റെ അവസാന പന്ത് ഒരു വൈഡ് യോർക്കറായിരുന്നു. സൂര്യകുമാർ യാദവാണ് ബാറ്റ് ചെയ്തിരുന്നത്. അതിന് അമ്പയർ വൈഡ് നൽകിയില്ല. എന്നാൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളിൽ അത് വൈഡാണെന്നാണ് കാണിച്ചത്. ഇതിനിടെ ഡേവിഡും കിറോൺ പൊളളാർഡും റിവ്യൂ നൽകുന്നതിന് സൂര്യകുമാർ യാദവിന് ആക്ഷൻ കാണിച്ചു. തുടർന്നാണ് സൂര്യകുമാർ റിവ്യൂ ആവശ്യപ്പെട്ടത്. മൂന്നാമത്തെ അമ്പയർ പരിശോധിച്ചതിന് ശേഷവും അത് വൈഡാണെന്ന് വ്യക്തമാകുകയായിരുന്നു.
ക്രിക്കറ്റ് കളിക്കാർക്കും ടീം ഒഫീഷ്യൽസിനും വേണ്ടിയുള്ള ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.15 (ബി) പ്രകാരം റിവ്യൂ നൽകുന്നതിന് പുറത്ത് നിന്ന് സഹായം തേടുന്നത് തെറ്റാണ്. ഇതിനെതുടർന്നാണ് നടപടി.