കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ട് ലക്ഷത്തിലധികം കേസുകള്‍, നടപടികള്‍ അതിവേഗത്തില്‍

Saturday 20 April 2024 6:42 PM IST

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ടം ലംഘിച്ചതില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ട് ലക്ഷത്തിലധികം പരാതികള്‍. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്. കമ്മീഷന്‍ തയ്യാറാക്കിയ സി-വിജില്‍ ആപ്പ് വഴി മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഇത്. ആപ്പ് വഴി 2,09,661 പരാതികള്‍ ഇതുവരെ ലഭിച്ചെന്നും ഇതില്‍ 2,06,152 കേസുകളില്‍ നടപടി സ്വീകരിച്ചുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 1,83,842 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച് 10,999 പരാതികള്‍ ഉണ്ടായി. നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 4446 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 296 പരാതികളും ലഭിച്ചു. പണം വിതരണം(19), മദ്യ വിതരണം(52), സമ്മാനങ്ങള്‍ നല്‍കല്‍(36), ആയുധപ്രദര്‍ശനം(150), വിദ്വേഷപ്രസംഗം(39), സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍(23) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജില്‍ വഴി ലഭിച്ചു.

നിരോധിത സമയത്ത് പ്രചാരണം നടത്തിയതിനെതിരെ 65 ഉം പെയ്ഡ് ന്യൂസിനെതിരെ മൂന്ന് പരാതികളും ലഭിച്ചു. പരാതികളില്‍ വസ്തുതയില്ലെന്ന് കണ്ട് 3083 പരാതികള്‍ തള്ളി.പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സി വിജില്‍(സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷനിലൂടെ അയക്കാമെന്ന് മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു. ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി വിജില്‍ ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങള്‍ മാത്രമേ ആപ്പ് വഴി അയക്കാന്‍ സാധിക്കു. മറ്റുള്ളവര്‍ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അതിനാല്‍ വ്യാജപരാതികള്‍ ഒഴിവാക്കാന്‍ കഴിയും. ചട്ടലംഘനം എന്ന പേരില്‍ വാട്ട്സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയക്കുന്നതു തടയാനാണു സ്വന്തമായി എടുത്ത ചിത്രങ്ങള്‍ക്കു മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Advertisement
Advertisement