മണ്ഡലവുമായി ഹൃദയബന്ധം

Sunday 21 April 2024 12:36 AM IST

സർക്കാരുകൾക്ക് എതിരെയുള്ള ജനവികാരം വോട്ടാകും

എൽ.ഡി.എഫ് എന്നെ മാത്രം ലക്ഷ്യമിടുന്നു

തലസ്ഥാനത്ത് നാലാമൂഴം തേടുന്ന ശശി തരൂർ ഇക്കുറി കടുത്ത ത്രികോണ മത്സരമാണ് നേരിടുന്നത്. പ്രചാരണം അവസാന ദിനങ്ങളിലേക്ക് കടക്കവെ തരൂർ കേരള കൗമുദിയുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്:

പ്രചാരണമെങ്ങനെ?

ഉഷാറായി നടക്കുന്നു. കടുത്ത ചൂടു വകവയ്ക്കാതെ പ്രവർത്തകർ യു.ഡി.എഫിനു വേണ്ടി കഠിനപ്രയത്‌നം ചെയ്യുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരവും മണ്ഡലത്തിലെ പ്രവർത്തനങ്ങളും, മതേതര ജനാധിപത്യ ഇന്ത്യ നിലനിൽക്കണമെന്ന ആഗ്രഹവും കണക്കിലെടുത്ത് ജനങ്ങൾ എനിക്ക് വോട്ടു നൽകും. വിജയം ഉറപ്പാണ്.

കോൺഗ്രസിലെ സംഘടനാ പ്രശ്‌നങ്ങൾ തിരിച്ചടിയാകുമോ?

കോൺഗ്രസിൽ സംഘടനാ പ്രശ്‌നങ്ങളുണ്ട് എന്നെനിക്ക് അഭിപ്രായമില്ല. തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികൾ നടത്തുന്ന നുണ പ്രചാരണമാണിത്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പ്രവർത്തകർ സജീവമാണ്. ഇപ്പോൾ മണ്ഡലത്തിൽ യു.ഡി.എഫാണ് പ്രചാരണത്തിൽ മുന്നിൽ. പലയിടത്തും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യമില്ല.

മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണോ അതോ ബി.ജെ.പിയുമായിട്ടാണോ?

ഇന്ത്യയുടെ ഭരണഘടന തന്നെ അട്ടിമറിയ്ക്കാനിരിക്കുന്ന കേന്ദ്രഭരണത്തിനെതിരെയാണ് പോരാട്ടം. അതിനു പ്രാപ്തിയുള്ളത് കോൺഗ്രസിനു തന്നെയാണ്. ബി.ജെ.പി ശക്തമായ പ്രചാരണം നടത്തുന്നു. എന്നാൽ എൽ.ഡി.എഫ് എന്നെ മാത്രം ലക്ഷ്യമിടുന്നു. ന്യൂനപക്ഷ മേഖലയിലൊഴികെ എൽ.ഡി.എഫിന്റെ പ്രചാരണം കാണാനേയില്ല.

നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിജയത്തിന് വഴിതെളിക്കുമോ ?

ഉറപ്പായും. നടത്തിയ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് 68 പേജുള്ള വികസന രേഖ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് മെഗാ വികസന പദ്ധതികളായ കഴക്കൂട്ടം- കാരോട് ബൈപാസ്, വിഴിഞ്ഞം തുറമുഖം എന്നീ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിന് പിന്നിലെ പ്രയത്നം ജനങ്ങൾക്കറിയാം. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം തുടക്കം മുതൽ പ്രവർത്തിച്ച് പദ്ധതിക്ക് ആവശ്യമായ ക്ലിയറൻസുകളും വയബിലിറ്റി ഗ്യാപ് ഫണ്ടും ഉൾപ്പെടെയുള്ളവ ഉറപ്പാക്കാൻ കഴിഞ്ഞു. 2012-ൽ വിജ്ഞാപനം പുറപ്പെടുവിച്ച കഴക്കൂട്ടം കാരോട് ബൈപാസ് നടപ്പിലാക്കിയത് ബി.ജെ.പി സർക്കാരാണെന്ന അവകാശവാദം പൊള്ളയാണ്. കന്യാകുമാരി വരെ പോകേണ്ട ബൈപാസാണിത്. കാരോടിനപ്പുറം ഒരിഞ്ചു പോലും ബൈപാസ് പണി നടത്താനിവർക്ക് കഴിയാത്തതെന്താണ്?. ഞാൻ മുൻകൈയെടുത്ത് നടത്തിയ വികസനങ്ങൾ മണ്ഡലത്തിൽ എല്ലായിടത്തുണ്ട്. അത് വോട്ടാകും.

എം.പി ജനങ്ങളിൽ നിന്നും അകന്നു എന്ന ആരോപണത്തെ പറ്റി?

അടിസ്ഥാനരഹിതമായ ആരോപണമാണത്. മണ്ഡലത്തിലെ ജനങ്ങളുമായി ഹൃദയബന്ധമുണ്ട്. 2009 മുതൽ തിരുവനന്തപുരത്തെ വോട്ടറാണ്. നഗരസഭാ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളിലും കോട്ടൺ ഹിൽ സ്‌കൂളിലെ പോളിംഗ് ബൂത്തിൽ വോട്ടു ചെയ്തിട്ടുണ്ട്. ബി.ജെ.പി, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഇത് പറയാൻ കഴിയുമോ. എന്റെ എല്ലാ രേഖകളിലും തിരുവനന്തപുരത്തെ വിലാസമാണ്. ഇനിയുള്ള കാലവും ഞാൻ തിരുവനന്തപുരത്തു തന്നെയുണ്ടാകും. ജനങ്ങളും ഞാനും വേറെയല്ല. ഒന്നാണ്.

2019-ൽ പിന്തുന്ന നൽകിയ ചില സമുദായങ്ങൾ കൈവിട്ടു എന്നത് ശരിയാണോ?

തിരുവനന്തപുരത്തെ എല്ലാ സമുദായങ്ങളും എന്നോട് സ്‌നേഹമുള്ളവരാണ്. ഞങ്ങൾക്കിടയിലുള്ള ആത്മബന്ധം എതിരാളികളുടെ കുപ്രചാരണങ്ങൾ കൊണ്ട് തകർക്കാൻ കഴിയില്ല. ആരോപണം വെറും തിരഞ്ഞെടുപ്പ് നുണകളാണ്. ജാതി -മത ഭേദമില്ലാതെ എല്ലാ വിഭാഗങ്ങളുമായി ഒരുമിച്ചു വളർന്നു, ജീവിക്കുന്ന ആളാണ്. എല്ലാവരോടും മാന്യമായും എളിമയോടും കൂടിയെ പെരുമാറിയിട്ടുള്ളൂ. ആരും കൈവിടില്ല. അത്രയ്ക്ക് ആത്മബന്ധമാണ് തിരുവനന്തപുരവുമായുള്ളത്.

Advertisement
Advertisement