സ്ഥാനാർത്ഥി എ.എം. ആരിഫ്, അനൗൺസർ മന്ത്രി പ്രസാദ്

Sunday 21 April 2024 12:43 AM IST

കൊച്ചി: ''ഈ നാടിന്റെ പ്രിയങ്കരനായ സാരഥി സഖാവ് എ.എം. ആരിഫ് ഇതാ ഈ വാഹനത്തിനു തൊട്ടു പിന്നാലെ കടന്നു വരുന്നു... അനുഗ്രഹിക്കൂ, ആശിർവദിക്കൂ...."" കഴിഞ്ഞ ദിവസം ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് നടനടന്ന വാഹന പ്രചാരണത്തിലെ അനൗൺസർ സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കൃഷി മന്ത്രിയുമായ പി. പ്രസാദ് ആയിരുന്നു. മന്ത്രിപദവി​യുടെ ഭാരങ്ങളേതുമില്ലാതെ അനൗൺസ്‌മെന്റ് ജീപ്പിന്റെ മുൻ സീറ്റിലിരുന്ന് മൈക്കിലൂടെ ആരിഫിന്റെ വരവ് വിളംബരം ചെയ്യുകയായിരുന്നു മന്ത്രി പ്രസാദ്.

''പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മോടൊപ്പം നിന്ന... നമ്മെ ചേർത്തുപിടിച്ച... ആലപ്പുഴയുടെ വികസന നായകൻ വരുന്നു... സഖാവ് എ.എം. ആരിഫ് വരുന്നു..."" തഴക്കം വന്ന അനൗൺസറെപ്പോലെപ്രസാദിന്റെ അനൗൺസ്‌മെന്റ് അന്തരീക്ഷത്തിൽ മുഴങ്ങി. മണ്ഡലത്തിലെ ചേർത്തല പുത്തനങ്ങാടി മുതൽ അരീപ്പറമ്പ് വരെയുള്ള പ്രദേശത്തെ വാഹന ജാഥയുടെ അനൗൺസ്‌മെന്റ് വാഹനത്തിലാണ് പ്രസാദ് സാന്നിദ്ധ്യമറിയിച്ചത്.

തെളിമയാർന്ന വാക്കുകളും കൃത്യമായ ഉച്ചാരണവും ശബ്ദനി​യന്ത്രണവുംകൊണ്ട് മന്ത്രി പ്രവർത്തകരെ കൈയിലെടുത്തു. സ്ഥാനാർത്ഥി സ്വീകരണ പോയിന്റിലേക്ക് എത്തുമ്പോൾ ശബ്ദമുയർത്തിയും ആവശ്യമായ സ്ഥലങ്ങളിൽ ഊന്നിപ്പറഞ്ഞുമെല്ലാം പൂർണ അനൗൺസറായി മന്ത്രി മാറി.

എ.എം. ആരിഫിന്റെ പ്രചാരണം ആരംഭിച്ചതു മുതൽ മണ്ഡലത്തിന്റെ വിവിധ മേഖലകളിലെ പ്രചാരണത്തിൽ ശക്തമായി സാന്നിദ്ധ്യമായി മന്ത്രിയുണ്ട്. ജാഥകൾ നയിക്കുന്നത് മുതൽ വീടുകയറി വോട്ട് തേടുന്നതിനു വരെ മുന്നിലുണ്ട് മന്ത്രി. രാവിലെ ഏഴിന് ആരംഭിക്കുന്ന മന്ത്രിയുടെ പ്രചാരണ പ്രവർത്തനങ്ങൾ രാത്രി 10നു ശേഷമാണ് അവസാനിക്കുന്നത്.

Advertisement
Advertisement