'വോട്ട് ചർച്ച് ആക്ട് നടപ്പിലാക്കുന്നവർക്ക് '

Saturday 20 April 2024 8:10 PM IST

കൊച്ചി: ചർച്ച് ആക്ട് നടപ്പിലാക്കി സമുദായത്തെ സഹായിക്കുന്നവർക്ക് വോട്ട് ചെയ്യാൻ കൊച്ചിയിൽ ചേർന്ന ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന സമിതി തീരുമാനിച്ചു. പതിറ്റാണ്ടുകളായി കൗൺസിൽ മുന്നോട്ടുവയ്ക്കുന്ന ഈ ആവശ്യം മാറിമാറിവരുന്ന സർക്കാരുകൾ അവഗണിക്കുകായണ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് അന്നത്തെ സി.പി.എം സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ നേരിൽ കണ്ട് ചർച്ച് ആക്ട് നടപ്പിലാക്കുന്ന കാര്യം ചർച്ചചെയ്തിരുന്നു. അധികാരത്തിൽ എത്തിയാൽ ആക്ട് നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എന്നാൽ രണ്ടാം തവണ വിജയിച്ചിട്ടും ചർച്ച് ആക്ട് സർക്കാരിന്റെ പരിഗണനയിൽ പോലുമില്ല. ക്രൈസ്തവ ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിച്ചുതകർത്ത് സായൂജ്യം കണ്ടെത്തുന്ന അണികളെ നിയന്ത്രിക്കാൻ പറ്റാത്ത പാർട്ടിയേയും നേതാക്കളേയും വിജയിപ്പിച്ചാൽ രാജ്യത്ത് സമാധാനത്തോടെ ജീവിക്കാനാവില്ല എന്ന ആശങ്കയും യോഗം വിലയിരുത്തി. ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ വർക്കിംഗ് പ്രസിഡന്റ് ജോൺ പുളിന്താനം അദ്ധ്യക്ഷത വഹിച്ചു. ജോസഫ് വെളിവിൽ, അ‌ഡ്വ. വർഗീസ് പറമ്പിൽ, ലോനൻ ജോയ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement