പൂരം കലക്കി പൊലീസ്; രാത്രി എഴുന്നള്ളിപ്പ് നിറുത്തി

Sunday 21 April 2024 4:42 AM IST

വെടിക്കെട്ട് പകൽവെളിച്ചത്തിൽ

തൃശൂർ: തൃശൂർ പൂരത്തിനിടെ സ്വരാജ് റൗണ്ടിൽ ബാരിക്കേഡ് വച്ച് തടഞ്ഞും ജനങ്ങളെ ലാത്തിവീശി ഓടിച്ചും പൊലീസ് അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം രാത്രിപ്പൂരം നിറുത്തി. വെടിക്കെട്ട് നടത്തില്ലെന്ന് മുന്നറിയിപ്പും നൽകി. മന്ത്രിയും കളക്ടറും അടക്കം നടത്തിയ ചർച്ചയ്‌ക്കൊടുവിൽ നാല് മണിക്കൂറോളം വൈകി നേരം നന്നേ വെളുത്തിട്ടാണ് വെടിക്കെട്ട് നടന്നത്. ഇത് ലക്ഷങ്ങൾ ചെലവഴിച്ചുള്ള വെടിക്കെട്ടിന്റെ പ്രഭ കെടുത്തി. പകൽപ്പൂരവും ഒരു മണിക്കൂറോളം വൈകി.

ചരിത്രത്തിലാദ്യമായാണ് ഇതുപോലെ പൂരവും വെടിക്കെട്ടും തടസപ്പെടുന്നതെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്ത് പൊലീസ് ബാരിക്കേഡ് വച്ച് ആളുകളെയും എഴുന്നള്ളിപ്പും തടഞ്ഞതാണ് പ്രകോപനമായത്. നായ്ക്കനാലിലും ബാരിക്കേഡ് കെട്ടി തടഞ്ഞു. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്ക് മുന്നിൽ പിരിഞ്ഞു. ആനകളും ഭൂരിഭാഗം പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ച് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തി ചടങ്ങ് പൂർത്തിയാക്കി.

കഴിഞ്ഞവർഷവും തെക്കോട്ടിറക്കത്തിനിടെ ജനക്കൂട്ടത്തിന് നേരെ ലാത്തിവീശിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തെക്കോട്ടിറക്കത്തിനിടയിലും കുടമാറ്റം നടക്കുമ്പോഴുമുണ്ടായ വൻ തിരക്കിലും ലാത്തിച്ചാർജിലും തലനാരിഴയ്ക്കാണ് ദുരന്തമൊഴിവായത്.

വില്ലനായി കമ്മിഷണർ

പൊലീസിനെതിരെ ഗോ ബാക്ക് വിളികളുമായി ദേശക്കാരും പൂരപ്രേമികളും ബഹളം വച്ചതോടെ നായ്ക്കനാലിലും നടുവിലാലിലും പൊലീസ് ലാത്തി വീശി. തിരുവമ്പാടി ഭഗവതിയുടെ രാത്രിയിലെ എഴുന്നള്ളിപ്പ് പൂർത്തിയാകും മുമ്പേ ആളുകളെ പൂരപ്പറമ്പിൽ നിന്ന് മാറ്റിയതിലും പ്രതിഷേധമുയർന്നു. വെടിക്കെട്ട് കമ്മിറ്റിക്കാരിൽ പലരെയും മൈതാനത്ത് നിൽക്കാൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോക് അനുവദിച്ചില്ലെന്നും പരാതിയുയർന്നു. ദേശക്കാരും കമ്മിഷണറും തമ്മിൽ തർക്കമായതോടെ വെടിക്കെട്ട് നടത്തില്ലെന്ന് ദേവസ്വം തീരുമാനിച്ചു. മന്ത്രി കെ.രാജനും കളക്ടർ വി.ആർ.കൃഷ്ണതേജയും അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിൽ ഒടുവിൽ സമ്മതം അറിയിക്കുകയായിരുന്നു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറും എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയും തിരുവമ്പാടി ദേവസ്വത്തിലെത്തി. നിശ്ചയിച്ച സമയമായ പുലർച്ചെ മൂന്നിന് നടത്തേണ്ടതിന് പകരം പാറമേക്കാവിന്റെ വെടിക്കെട്ട് 7.10നും തിരുവമ്പാടിയുടേത് 7.45നുമായിരുന്നു നടത്തിയത്.

Advertisement
Advertisement