ബേബിഫുഡിൽ അമിത പഞ്ചസാര; കുട്ടികൾ പ്രമേഹ ഭീഷണിയിൽ, നെസ്‌ലെയെ വെട്ടിലാക്കി ലാബ് റിപ്പോർട്ട്

Sunday 21 April 2024 4:00 AM IST

തിരുവനന്തപുരം: ഇന്ത്യയിലെ ബേബിഫുഡ് വിപണിയുടെ 95 ശതമാനവും കൈയടക്കിവച്ചിരിക്കുന്ന നെസ്‌ലെ സെറിലാക്കിൽ അമിത മധുരം ചേർക്കുകയാണെന്ന റിപ്പോർട്ട് രക്ഷിതാക്കളെ കടുത്ത ആശങ്കയിലാക്കി. ജനിച്ച് ആറുമാസം മുതൽ കുട്ടികൾക്ക് സെറിലാക് കൊടുക്കുന്നത് കേരളത്തിൽ സർവസാധാരണമാണ്.

മധുരത്തിന് അടിമകളാകുന്ന കുട്ടികളിൽ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

നെസ്‌ലെ ബേബി ഫുഡ് ഉൽപന്നങ്ങളുടെ സാമ്പിളുകൾ ബെൽജിയത്തിലെ ലബോറട്ടറിയിൽ പരിശോധിച്ചാണ്

സ്വിസ് സംഘടനയായ 'പബ്ളിക് ഐ', ഇന്റർനാഷണൽ ബേബി ഫുഡ് ആക്‌ഷൻ നെറ്റ്‌വർക്ക് (ഐ.ബി.എഫ്.എ.എൻ) എന്നിവ അന്വേഷണാത്‌മക റിപ്പോർട്ട് പുറത്തുവിട്ടത്.

അളവിൽ കൂടുതൽ കലോറി കാരണം ശരീരഭാരം വർദ്ധിക്കും. അമിതവിശപ്പ് അനുഭവപ്പെടാനും വഴിയൊരുക്കും. കുട്ടികളിലെ പ്രമേഹരോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം ബേബി ഫുഡുകളാണെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

കേരളത്തിൽ പത്തുവയസ് കഴിഞ്ഞ കുട്ടികളിൽപ്പോലും പ്രമേഹം വ്യാപകമാണ്. 10നും 20നും ഇടയിൽ രോഗബാധിതാകുന്ന കുട്ടികളിൽ 50 ശതമാനത്തോളം പേരിലും മുതിർന്നവരെ ബാധിക്കുന്നതിനു സമാനമായ ടൈപ്പ് 2 പ്രമേഹമാണ്.

പഞ്ചസാര പല പേരുകളിൽ

ബേബി ഫുഡുകളിൽ മേപ്പിൾ സിറപ്പ്, ഗ്ലൂക്കോസ്, സുക്‌റോസ്, ലാക്‌റ്റോസ്, കെയ്ൻ ഷുഗർ, കോൺ സിറപ്പ് എന്നിങ്ങനെ പല പേരുകളിലാണ് പഞ്ചസാര ചേർത്തിരിക്കുന്നത്.

` കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്ന ബേബി ഫുഡുകൾ വിറ്റഴിക്കാൻ പാടില്ല.

-ഡോ.ശ്രീജിത്ത്എൻ.കുമാർ

കൺവീനർ,ഐ.എം.എ

ദേശീയ ആക്ഷൻ കമ്മിറ്റി

അന്വേഷണത്തിന്

വിദഗ്ദ്ധസമിതി

ന്യൂഡൽഹി: ബഹുരാഷ്‌‌ട്ര കമ്പനിയായ നെസ്‌ലെ ചെറിയ കുട്ടികൾക്കുള്ള പോഷകാഹാരമായ സെറിലാക്കിൽ അമിതമായി പഞ്ചസാര ചേർക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ) അന്വേഷണം നടത്തും. ഇതിനായി വിദഗ്ദ്ധരുടെ പ്രത്യേക സമിതി രൂപീകരിക്കും.

ഫ്രാൻസിലും യു.കെയിലും

പഞ്ചസാരയില്ലാത്തത്

ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, ലാറ്റിൻ അമേരിക്ക അടക്കമുള്ള വികസ്വര രാജ്യങ്ങളിലും വിൽക്കുന്ന ബേബി ഫുഡിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. യൂറോപ്യൻ രാജ്യങ്ങളിൽ വിൽക്കുന്നതിൽ ഇതു ഇല്ലെന്നു തന്നെ പറയാം.

ലാബ് റിപ്പോർട്ട് പ്രകാരം സെറിലാക്കിന്റെ ഒരു നിശ്‌ചിത അളവിൽ കണ്ടെത്തിയ പഞ്ചസാരയുടെ അളവ് ഗ്രാമിൽ ഇങ്ങനെ:

ഇന്ത്യ.............................2.2

പാകിസ്ഥാൻ............... 2.7

ദക്ഷിണാഫ്രിക്ക............. 4

എത്യോപ്യ.................. 5.2

തായ്‌ലാന്റ്................... 6.

ജർമ്മനി.......................... 0

ഫ്രാൻസ്...........................0

യു.കെ..............................0

വിട്ടുവീഴ്ച ചെയ്തിട്ടില്ല: നെസ് ലെ

ആരോപണം നെസ്‌ലെ നിഷേധിച്ചു. പോഷക-ഗുണ മേൻമ ഉറപ്പാക്കിയാണ് ഉൽപന്നം നിർമ്മിക്കുന്നതെന്ന് കമ്പനി വിശദീകരിച്ചു. റിപ്പോർട്ട് വന്നതോടെ ഇന്ത്യയിൽ നെസ്‌ലെയുടെ ഓഹരി ഇടിഞ്ഞിരുന്നു. മാനദണ്ഡങ്ങളിൽ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അഞ്ച് വർഷത്തിനിടയിൽ, 30 ശതമാനം വരെ പഞ്ചസാര കുറച്ചു. 100 വർഷത്തിലേറെയായ സേവനം തുടരാൻ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി പറയുന്നു. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു ബേബിഫുഡ് ലാക്റ്റോജനും നെസ്‌ലെ ഉത്പന്നമാണ്.

25 കോടി ഡോളർ

സെറിലാക്കിന്റെ

ഇന്ത്യയിലെ വില്പന

(2022-ലെ കണക്കു പ്രകാരം)

Advertisement
Advertisement