തുറന്നിട്ട് 16 കൊല്ലം - ദേശീയ ജലപാതയിൽ ചരക്കുനീക്കം ശൂന്യം

Sunday 21 April 2024 12:09 AM IST

കൊച്ചി: 250 കോടി ചെലവിൽ 16 വർഷം മുമ്പ് ഗതാഗതത്തിന് തുറന്നിട്ടും കൊല്ലം- കോട്ടപ്പുറം ദേശീയ ജലപാതയിൽ ചരക്കുനീക്കം സുഗമമാക്കാൻ സർക്കാരിന് താത്പര്യമില്ല. റോഡ് ഗതാഗതക്കുരക്ക് അഴിക്കാനും കോടികളുടെ വരുമാനത്തിനുമുള്ള സാദ്ധ്യതയാണ് ഇല്ലാതാക്കുന്നത്.

റോഡിനെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ ചരക്ക് കൊണ്ടുപോകാനാകും. അതുകൊണ്ടു തന്നെ ജലഗതാഗതം മുരടിപ്പിക്കാൻ രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് ലോറിലോബിയും വൻകിട ഏജൻസികളും സജീവമാണ്.

ദേശീയജലപാത വിനിയോഗിക്കാൻ സംരംഭകരെ സർക്കാർ ബോധവത്കരിക്കണം. സംരക്ഷണവും ഉറപ്പാക്കണം. എന്നാലേ സ്ഥിതി മാറൂ. മേജർ തുറമുഖമായ കൊച്ചിയെയും ചെറുതുറമുഖങ്ങളേയും ബന്ധിപ്പിച്ച് ചരക്കുനീക്കം സാദ്ധ്യമാക്കണം. വിഴിഞ്ഞം തുറമുഖം പൂർത്തിയാകുന്നതിനൊപ്പം കൊല്ലം - വിഴിഞ്ഞം റീച്ചും ഗതാഗതയോഗ്യമാക്കണം.

കൊല്ലം മുതൽ തൃശൂരിലെ കൊടുങ്ങല്ലൂരിന് സമീപം കോട്ടപ്പുറം വരെയാണ് ദേശീയജലപാത മൂന്ന്. എറണാകുളത്തെ ചമ്പക്കര, ഉദ്യോഗമണ്ഡൽ ഉപകനാലുകൾ ഉൾപ്പെടെ 205 കിലോമീറ്ററാണ് ആകെദൂരം.

ചരക്കുനീക്കത്തിനായി 13 ടെർമിനലുകളും ഗോഡൗണുകളും നാഷണൽ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിട്ടി നിർമ്മിച്ചു. 400 - 500 ടൺ വരെ ഭാരം വഹിക്കാവുന്ന ബാർജുകൾക്ക് സഞ്ചരിക്കാവുന്ന വിധത്തിൽ ആഴവും വീതിയും ജലപാതയ്ക്കുണ്ട്.

ഇഴഞ്ഞ് തൃക്കുന്നപ്പുഴ

ഗേറ്റ് നിർമ്മാണം

വലിയ ബാർജുകൾക്കു തടസ്സമായി നിൽക്കുന്ന ആലപ്പുഴയിലെ തൃക്കുന്നപ്പുഴ ഗേറ്റ്‌ പൊളിച്ച് പുതിയത് പണിയുന്നത് ഇഴയുകയാണ്. പുതുക്കിപ്പണിയാൻ ജലസേചന വകുപ്പിനെ 2019ലാണ് ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിട്ടി ചുമതലപ്പെടുത്തിയത്. 30 കോടിരൂപയും നൽകി. നിർമ്മാണം ഇപ്പോഴും പകുതിയായിട്ടില്ല. ഉപ്പുവെള്ളം കയറാതിരിക്കാനാണ് ഇവിടെ രണ്ടു ഗേറ്റുകളുള്ളത്. ചവറയിലെ കെ.എം.എം.എല്ലിലേക്ക് കൊച്ചിയിൽനിന്ന് ചെറിയ ബാർജിൽ രാസവസ്തുക്കൾ കൊണ്ടുപോകുന്നുണ്ട്. പുതിയ ഗേറ്റ് സ്ഥാപിച്ചാൽ 300 ടൺ ശേഷിയുള്ള ബാർജ് ഉപയോഗിക്കാനാകും. തോടുകൾക്ക് കുറുകെയുള്ള പാലങ്ങളും വലിയ യാനങ്ങളുടെ യാത്രയ്ക്ക് തടസമാണ്. ഇവ ഉയർത്തിപ്പണിയാൻ തീരുമാനിച്ചിട്ടും നടപടിയായില്ല.

ടൂറിസം ഉണർന്നു;

സാദ്ധ്യതതേടി ക്വിൽ

ദേശീയജലപാത ടൂറിസത്തിന് വിനിയോഗിക്കുന്നുണ്ട്. ജലഗതാഗതവകുപ്പിന്റെയും കൊച്ചി വാട്ടർ മെട്രോയുടെയും ബോട്ടുകൾ ദേശീയജലപാതയിൽ സർവീസ് നടത്തുന്നു. വലിയ ടൂറിസം ബോട്ടുകൾ, ഹൗസ് ബോട്ടുകൾ എന്നിവ കൊല്ലം, ആലപ്പുഴ, വൈക്കം, എറണാകുളം, കോട്ടപ്പുറം മേഖലകളിൽ സർവീസ് നടത്തുന്നുണ്ട്. ജലഗതാഗതം പ്രോത്സാഹിപ്പിക്കാൻ സർക്കാർ രൂപീകരിച്ച കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ദേശീയജലപാതയിൽ ടൂറിസം വികസന പദ്ധതികൾ നടപ്പാക്കും. പൊതു - സ്വകാര്യ പങ്കാളിത്തത്തിലാവും ഇവ.

Advertisement
Advertisement