സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ 5 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ,​ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Saturday 20 April 2024 10:12 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ വരുംമണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത. ഇന്ന് രാത്രി തിരുവനന്തപുരം,​ കൊല്ലം,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് രാത്രി എട്ടിന് ശേഷം കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് (20042024) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

20.04.2024: കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

20.04.2024: ഗോവ, കൊങ്കൺ തീരം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽ പറഞ്ഞ തീയതിയിൽ മുകളിൽ പരാമർശിക്കപ്പെട്ട പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.