കളിസ്ഥലമില്ലാത്ത സ്കൂളുകൾ പൂട്ടൽ വെല്ലുവിളിയാകും

Sunday 21 April 2024 12:00 AM IST

തിരുവനന്തപുരം: കളിസ്ഥലമില്ലെങ്കിൽ സ്കൂൾ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകാനൊരുങ്ങുന്നു.

കളിസ്ഥലമില്ലെന്നതിന്റെ പേരിൽ സ്കൂൾ അടച്ചുപൂട്ടൽ പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കേരളകൗമുദിയോട് പറഞ്ഞു. ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് തീരുമാനം. വിഷയത്തിന്റെ അപ്രായോഗികത കോടതിയെ ബോദ്ധ്യപ്പെടുത്തും. ഐക്യകേരള രൂപീകരണം മുതലുള്ള സ്കൂളുകൾ സംസ്ഥാനത്തുണ്ട്. നന്നായി പ്രവർത്തിക്കുന്ന സ്കൂളുകൾ കളിസ്ഥലമില്ലെന്ന പേരിൽ അടച്ചുപൂട്ടാനാവുമോ ? ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കളിസ്ഥലമില്ലാത്ത ഒരു സ്കൂളിനും അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി

ഓരോ വിഭാഗം സ്കൂളുകൾക്കും ആവശ്യമായ കളിസ്ഥലത്തിന്റെ വിസ്തീർണം,​ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് നാലു മാസത്തിനകം മാർഗനിർദ്ദേശം പുറപ്പെടുവിക്കാനാണ് സർക്കാരിനുള്ള ഹൈക്കോടതി നിർദ്ദേശം. എല്ലാ സ്കൂളുകളും ഇത് പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. പാലിക്കുന്നില്ലെങ്കിൽ സ്കൂളുകളുടെ ഭാഗം കേൾക്കാൻ മതിയായ സമയം നൽകണം. വേണ്ടിവന്നാൽ സ്കൂളുകൾ പൂട്ടാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കളിസ്ഥലങ്ങൾ കുട്ടികളുടെ പഠനാന്തരീക്ഷത്തിൽ അവിഭാജ്യഘടകമാണ്. അത് കുട്ടികൾക്ക് സന്തോഷം നൽകുന്നതിനൊപ്പം ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

പത്തനംതിട്ട തേവായൂർ സർക്കാർ എൽ.പി സ്കൂൾ ഗ്രൗണ്ടിൽ വിദ്യാഭ്യാസ അധികൃതരുടെ അനുമതിയില്ലാതെ ജില്ലാപ‌ഞ്ചായത്തും ഗ്രാമ പഞ്ചായത്തും ചേർന്ന് വാട്ടർ ടാങ്ക് നിർമ്മിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്ത് പി.ടി.എ നൽകിയ ഹർജിയിന്മേൽ നൽകിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതിനെതിരെയാണ് സർക്കാർ അപ്പിലിനൊരുങ്ങുന്നത്.

സംസ്ഥാനത്ത് കളിസ്ഥലമുള്ള സ്കൂളുകൾ

ആകെ ഗവ. സ്കൂളുകൾ - 4747, കളിസ്ഥലമുള്ളവ - 2644 (55.70 ശതമാനം)

എയ്ഡഡ് സ്കൂളുകൾ - 7175, കളിസ്ഥലമുള്ളവ - 5397 (77.22 ശതമാനം )

Advertisement
Advertisement