സുരക്ഷയില്ലാതെ തീരം,​ വേനലവധിക്കാലത്ത് ബീച്ചുകൾ സുരക്ഷിതമോ?

Sunday 21 April 2024 12:47 AM IST

കൊച്ചി: വേനലവധിക്കാലം ആഘോഷിക്കാൻ ബീച്ചുകളിലേക്ക് കുട്ടികളെത്തുമ്പോൾ തീരത്തെ സുരക്ഷ ഉറപ്പുവരുത്താൻ നടപടിയെടുക്കാതെ അധികൃതർ. ലൈഫ് ഗാർഡുമാരുടെ കുറവുമൂലം സംസ്ഥാനത്തെ ബീച്ചുകളിൽ സുരക്ഷാപ്രശ്നം വൻവെല്ലുവിളിയാകുകയാണ്. കൂടാതെ പല ബീച്ചുകളിലും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളുമില്ല. അവധി ആഘോഷിക്കാൻ ബീച്ചുകളിലെത്തുന്നവർ സ്വയം സുരക്ഷ ഉറപ്പാക്കേണ്ടിവരും.

ബീച്ചുകളിൽ നിശ്ചിത ദൂരപരിധിയിലാണ് ലൈഫ് ഗാർഡുമാരെ നിയമിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ വലിയ ബീച്ചുകൾ പോലും സുരക്ഷ ഉറപ്പില്ല.

കഴിഞ്ഞവർഷം അപകടങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ 40 പേരെ എടുക്കാൻ ധാരണയായെങ്കിലും നടപ്പായില്ല.

53 പ്രധാന ബീച്ചുകളിൽ 25ലും ഒരു ലൈഫ് ഗാർഡ് പോലുമില്ല. ഒരു ഷിഫ്റ്റിൽ 446 ഗാർഡുമാർ വേണ്ടിടത്ത് 159 പേർ മാത്രം. ആളില്ലാത്തതിനാൽ ഓഫ് എടുക്കാൻ പോലും കഴിയാതെ ജോലിച്ചെയ്യുകയാണ് ഗാർഡുമാർ.

മലപ്പുറം, കൊല്ലം ജില്ലകളിൽ എല്ലാ ബീച്ചുകളിലും ലൈഫ് ഗാർഡുമാർ ആവശ്യത്തിനില്ല. ബീച്ചിന്റെ ദൈർഘ്യം അനുസരിച്ച് ഒരു ഡ്യൂട്ടി പോയിന്റിൽ രണ്ട് ഗാർഡുമാർ വേണമെന്നാണ് നിയമം. ടൂറിസ്റ്റുകളുടെ എണ്ണത്തിന് ആനുപാതികമായാണ് പോയിന്റുകൾ.

ജില്ലയിലും സുരക്ഷിതമല്ല കാര്യങ്ങൾ

എറണാകുളം ജില്ലയിൽ ചെറുതും വലുതുമായി ഏഴ് ബീച്ചുകളാണുള്ളത്. 48 ലൈഫ് ഗാർഡുമാരുടെ സ്ഥാനത്ത് 20 പേരാണ് ജോലി ചെയ്യുന്നത്. നാല് ബീച്ചുകളിൽ ഒരു ഗാർഡുപോലുമില്ല.

................................................

ലൈഫ് ഗാർഡുകളുടെ എണ്ണം

(ജില്ലയിലെ ബീച്ചുകൾ, നിലവിലെ ലൈഫ് ഗാർഡ്,

ബീച്ച് ദൈർഘ്യം, ഡ്യൂട്ടി പോയിന്റ് അകലം, വേണ്ട ലൈഫ് ഗാർഡ്)

ഫോർട്ട്‌കൊച്ചി: 6, 400 മീറ്റർ, 100 മീറ്റർ, 8

മുനമ്പം: 2, 300, 150മീറ്റർ, 4

ചെറായി: 12, ഒരു കിലോമീറ്റർ, 100 മീറ്റർ, 20

രക്തേശ്വരി : 0, 400 മീറ്റർ, 200 മീറ്റർ, 4

കുഴിപ്പിള്ളി: 0, 500 മീറ്റർ, 250, 4

പള്ളത്താംകുളങ്ങര: 0, 500 മീറ്റർ, 250 മീറ്റർ, 4

പുതുവൈപ്പിൻ: 0 500 മീറ്റർ, 250 മീറ്റർ, 4

................................

വേനൽ അവധിക്കാലത്ത് കുട്ടികളടക്കം നിരവധിപ്പേരാണ് ബീച്ചുകളിലേക്ക് എത്തുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതിന് ആവശ്യമായ നടപടി എടുക്കണം.

ചാൾസൺ ഏഴിമല, സംസ്ഥാന ജനറൽ സെക്രട്ടറി

ഓൾ കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയൻ

(സിഐ.ടി.യു)

Advertisement
Advertisement