ആളുമാറി വീട്ടിലെ വോട്ട്: 6 പേർക്ക് സസ്പെൻഷൻ, നടപടി കണ്ണൂരും കോഴിക്കോട്ടും

Sunday 21 April 2024 4:36 AM IST

കണ്ണൂർ/കോഴിക്കോട്: ആളുമാറി വീട്ടിലെ വോട്ട് ചെയ്യിച്ചതുമായി ബന്ധപ്പെട്ട് രണ്ടു ലോക്സഭ മണ്ഡലങ്ങളിലായി ആറു തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ 70-ാം നമ്പർ ബൂത്ത് പോളിംഗ് ഓഫീസർ ജോസ്ന ജോസഫിനെയും ബി.എൽ.ഒ കെ. ഗീതയെയുമാണ് ജില്ല വരണാധികാരി അരുൺ കെ. വിജയൻ സസ്‌പെൻഡ് ചെയ്തത്. കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ കുന്ദമംഗലം പെരുവയലിലെ സംഭവത്തിൽ നാലു ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. സ്പെഷ്യൽ പോളിംഗ് ഓഫീസർ കെ.ടി. മഞ്ചുഷ,​ പോളിംഗ് ഓഫീസർ സി.വി. ഫെഹ്മിദ,​ മെെക്രോ ഒബ്സർവർ പി.കെ. അനീസ്, ബൂത്ത് ലെവർ ഓഫീസർ പി.എസ്. ഹരീഷ് കുമാർ എന്നിവരെയാണ് കോഴിക്കോട് ജില്ല വരണാധികാരി സ്‌നേഹിൽ കുമാർ സിംഗ് സസ്‌പെൻഡ് ചെയ്തത്.

കീഴ്ത്തള്ളി ബി.കെ.പി അപ്പാർട്ട്‌മെന്റലെ 86കാരിയായ കെ. കമലാക്ഷിയുടെ വോട്ട് താഴെചൊവ്വ ബണ്ട് പാലം കൃഷ്ണകൃപയിൽ വി.കമലാക്ഷിയെക്കൊണ്ട് ചെയ്യിച്ചെന്നാണ് കണ്ണൂരിലെ പരാതി. വി.കമലാക്ഷിയ്ക്ക് 83 വയസ് മാത്രമായതിനാൽ വീട്ടിൽ വോട്ടിന് അവകാശമില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. കോഴിക്കോട്ട് കുന്ദമംഗലം പെരുവയലിലെ 91 കാരി പായമ്പുറത്ത് ജാനകിയമ്മയ്ക്ക് പകരം 80കാരി കൊടശേരി ജാനകിയമ്മയെ കൊണ്ടാണ് വോട്ട് ചെയ്യിച്ചത്. രണ്ടിടത്തും എൽ.ഡി.എഫ് ഭാരവാഹികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

Advertisement
Advertisement