വിദേശ നാണയ ശേഖരത്തിൽ ഇടിവ്

Sunday 21 April 2024 12:58 AM IST

കൊച്ചി: ലോകത്തിലെ മുൻനിര നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ രൂപയ്ക്ക് പിന്തുണ നൽകാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതിനാൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ കഴിഞ്ഞ വാരം ഇടിവുണ്ടായി. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് ഏപ്രിൽ 12ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 64,316 കോടി ഡോളറായി താഴ്ന്നു. മുൻ വാരത്തേക്കാൾ 54 കോടി ഡോളറിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 64,852 കോടി ഡോളറിലായിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഫെഡറൽ റിസർവിന്റെ പലിശ തീരുമാനത്തിലെ അനിശ്ചിതത്വവും ഡോളറിന്റെ മൂല്യത്തിൽ കുതിപ്പുണ്ടാക്കിയതോടെ രൂപയ്ക്ക് പിന്തുണ നൽകാനായി പൊതു മേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് ഡോളർ വിറ്റുമാറിയതാണ് വിദേശ നാണയ ശേഖരത്തിൽ കുറവുണ്ടാക്കിയത്. അതേസമയം റിസർവ് ബാങ്കിന്റെ സ്വർണ ശേഖരത്തിൽ കഴിഞ്ഞ വാരം മികച്ച വർദ്ധന രേഖപ്പെടുത്തി.

Advertisement
Advertisement